ഉള്ളിൽ അലയടിച്ചുവന്ന ക്രോധം അവർ ഒരു പരിധിവരെ പിടിച്ചു നിർത്തിയെങ്കിലും ഒടുവിൽ ഒരു ഖാലിസ്ഥാനി പ്രതിഷേധക്കാരൻ ചെയ്ത  അക്രമം അവരുടെ ക്ഷമയുടെ നെല്ലിപ്പടി തകർക്കുന്ന ഒന്നായിരുന്നു.

പാകിസ്ഥാന്റെയും കശ്മീരിന്റെയും പതാകകളേന്തിക്കൊണ്ട് , ലണ്ടനിലെ ഇന്ത്യൻ എംബസിക്കുമുന്നിൽ തടിച്ചു കൂടി കുറെ പാകിസ്ഥാനി പ്രതിഷേധക്കാർ. വിഷയം ആർട്ടിക്കിൾ 370 റദ്ദാക്കിയതുതന്നെ. " കശ്മീർ കത്തിയെരിയുകയാണ്.." " കശ്‌മീരിനെ സ്വതന്ത്രമാക്കുക..." " മോദി, മേക്ക് ടീ, നോട്ട് വാർ.." എന്നൊക്കെ എഴുതിവെച്ച ബാനറുകളും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. പാകിസ്ഥാനി പത്രപ്രവർത്തകർക്ക് പുറമെ ചില ഖാലിസ്ഥാൻ വാദികളുമുണ്ടായിരുന്നു പ്രതിഷേധക്കാർക്കിടയിൽ. അവർ തുടർച്ചയായി ഇന്ത്യൻ സർക്കാരിനെയും പ്രധാനമന്ത്രി മോദിയെയും ഒക്കെ ദുഷിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു. 


'പതാക തട്ടിപ്പറിച്ചയാൾ, വലിച്ചു കീറിയ ആൾ, ചവിട്ടിയരച്ച ആൾ '

ഇതിനൊക്കെ ഇടയിൽ, മൂകസാക്ഷിയായി ഇതൊക്കെ കണ്ടുനിൽക്കേണ്ടി വന്ന ഒരു ഇന്ത്യൻ പത്രപ്രവർത്തകയുമുണ്ടായിരുന്നു അവിടെ. ഉള്ളിൽ അലയടിച്ചുവന്ന ക്രോധം അവർ ഒരു പരിധിവരെ പിടിച്ചു നിർത്തിയെങ്കിലും ഒടുവിൽ ഒരു ഖാലിസ്ഥാനി പ്രതിഷേധക്കാരൻ ചെയ്ത അക്രമം അവരുടെ ക്ഷമയുടെ നെല്ലിപ്പടി തകർക്കുന്ന ഒന്നായിരുന്നു. ഇന്ത്യക്കാർ നിന്ന ഭാഗത്തേക്ക് കടന്നു വന്ന അയാൾ, അവർ കയ്യിൽ പിടിച്ചിരുന്ന ഒരു ത്രിവർണ പതാക തട്ടിപ്പറിച്ച് പാകിസ്ഥാനികൾക്ക് എറിഞ്ഞുകൊടുത്തു. 

പിന്നെ നടന്നത് ഒരു ഇന്ത്യക്കാരനും കണ്ടുനിൽക്കാനാകുന്ന ഒന്നായിരുന്നില്ല. അവിടെ കൂടി നിന്ന ഇന്ത്യക്കാരെ വെല്ലുവിളിച്ചുകൊണ്ട്, ലണ്ടൻ പോലീസും എംബസി സുരക്ഷാ ജീവനക്കാരും കയ്യും കെട്ടി നോക്കി നിൽക്കെ, അവർ ആ ത്രിവർണ്ണ പതാക വലിച്ചു കീറി തറയിലിട്ട് ചവിട്ടിയരച്ചു. ചെരുപ്പുകൊണ്ട് തല്ലി. " നിങ്ങളുടെ പതാകയെ ഞങ്ങൾ ചെയ്തത് നോക്കൂ.. ഉശിരുണ്ടെങ്കിൽ തിരിച്ചു പിടിക്ക് " എന്ന് വെല്ലുവിളികൾ ഉയർത്തി. ഈ പ്രവൃത്തികളുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 

Scroll to load tweet…

അപ്പോഴാണ് എഎൻഐക്കു സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ റിപ്പോർട്ട് ചെയ്യാൻ അവിടെ സന്നിഹിതയായിരുന്ന ഇന്ത്യൻ പത്രപ്രവർത്തക പൂനം ജോഷി ഈ അക്രമം കാണുന്നത്. ഉടൻ അവർ ഓടിച്ചെന്നു ആ ഖാലിസ്ഥാനി പ്രതിഷേധക്കാരിൽ നിന്നും ത്രിവർണ പതാകയുടെ രണ്ടു കഷ്ണങ്ങളും തിരിച്ച് തട്ടിപ്പറിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിടുകയും ചെയ്തു. പൊലീസിന്റെ ബാരിക്കേഡിനു പിന്നിൽ നിന്നും വളരെ സാഹസികമായി ഓടിച്ചെന്നു കൊണ്ട് പൂനം ജോഷി നിലത്തു നിന്നും ത്രിവർണ പതാകയുടെ ആദ്യ കഷ്ണം എടുത്തു. പിന്നെ സാഹസികമായി ആ ഖാലിസ്ഥാനിയിൽ നിന്നും രണ്ടാമത്തെ കഷ്ണം തട്ടിപ്പറിച്ചു. 

Scroll to load tweet…

താൻ പല രാജ്യങ്ങളുടെയും പൗരന്മാരുടെ പല പ്രകടനങ്ങളും റിപ്പോർട്ടുചെയ്തിട്ടുണ്ടെങ്കിലും ഇത്രയും വികൃതമായ രീതിയിൽ മറ്റൊരു രാജ്യത്തിൻറെ ദേശീയപതാകയെ അപമാനിക്കുന്ന രീതിയിലുള്ള ഒരു അക്രമം ആദ്യമായാണ് കാണുന്നതെന്നും, സ്വന്തം രാജ്യത്തിൻറെ ദേശീയ പതാക നിലത്തിട്ടു ചവിട്ടിയരക്കുന്നത് കണ്ടു സഹിച്ചു നിൽക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് ഓടിച്ചെന്നു പിടിച്ചുവാങ്ങിയത് എന്നും പൂനം ജോഷി പറഞ്ഞു. 

പ്രസ്തുത കേസിൽ നാലുപേരെ പോലീസ് പിന്നീട് അറസ്റ്റുചെയ്തെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു.