യുഎസുമായുള്ള ഭിന്നതകൾക്കിടെ ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ ഇന്ത്യയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കും. ന്ത്യ - ബ്രസീൽ ബന്ധം ശക്തിപ്പെടുത്തുന്നതിന് ലുലയുടെ സന്ദർശനം ഗുണമാകുമെന്നാണ് പ്രതീക്ഷ

ദില്ലി: എ ഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരണമായി. യു എസുമായുള്ള നിലവിലെ ഭിന്നതകൾക്കിടയിലാണ് ലുലയുടെ ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ബ്രസീലിന്റെ ബഹുരാഷ്ട്രത്വ നയത്തിന്റെ ഭാഗമായി ഗ്ലോബൽ സൗത്തിന്റെ ശബ്ദമെന്ന് അവകാശപ്പെടുന്ന ലുല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ അന്താരാഷ്ട്ര സഹകരണവും നിയന്ത്രണവും ചർച്ച ചെയ്യുന്ന ഉച്ചകോടിയിൽ സുപ്രധാന പ്രസംഗം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ - ബ്രസീൽ ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദർശനം ഗുണമാകും. എന്നാൽ ഇന്ത്യയുമായി വ്യാപാര കരാറിലടക്കം തീരുമാനമായ സാഹചര്യത്തിൽ ലുലുവിന്‍റെ സന്ദർശനത്തോടുള്ള ട്രംപിന്‍റെയും അമേരിക്കയുടെയും നിലപാട് എന്താകുമെന്നത് കണ്ടറിയണം. ബ്രസിലിനോടുള്ള കടുത്ത ഭിന്നത ട്രംപ് തുടരുന്ന സാഹചര്യത്തിലുള്ള ലുലയുടെ സന്ദർശനം ഇന്ത്യ - അമേരിക്ക ബന്ധത്തെ ബാധിക്കുമോ എന്നതാണ് ചോദ്യം.

യുഎസ്, വെനിസ്വലേൻ ക്രൂഡ് ഓയിൽ വാങ്ങുമോ ഇന്ത്യ

അമേരിക്കയുമായി വ്യാപാര കരാർ രൂപരേഖ ഒപ്പിട്ടതിന് പിന്നാലെ, കൂടുതൽ യു എസ്, വെനിസ്വേലൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യയുടെ പരിഗണനയിലെന്ന് റിപ്പോർട്ട്. ഇക്കാര്യം പരിഗണിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനർമാരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ടെൻഡറുകൾ വഴി സ്പോട്ട് മാർക്കറ്റിൽ നിന്ന് എണ്ണ തേടുമ്പോൾ യു എസ് ഗ്രേഡുകൾക്ക് മുൻഗണന നൽകാൻ റിഫൈനർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിഫൈനറി എക്സിക്യൂട്ടീവുകളെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. വെനിസ്വേലൻ ക്രൂഡിനെക്കുറിച്ചും സർക്കാർ സമാനമായ അഭ്യർത്ഥന നടത്തിയിരുന്നു. വ്യാപാര കരാറിന്റെ ഭാഗമായി റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടില്ല. തങ്ങളുടെ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഊർജ്ജ സുരക്ഷയാണ് മുൻ‌ഗണന നൽകുന്നതെന്നും ആയിരുന്നു ഇന്ത്യയുടെ പ്രതികരണം. എന്നാൽ, സമീപ മാസങ്ങളിൽ റഷ്യൻ എണ്ണ വാങ്ങുന്നതിൽ ​ഗണ്യമായ കുറവുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ യു എസ്, വെനിസ്വേലൻ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യയിൽ പരിധികളുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. അമേരിക്കൻ ഗ്രേഡുകൾ ഭാരം കുറഞ്ഞതും സൾഫറിന്റെ അളവ് കുറഞ്ഞതുമായതിനാൽ ഇത്തരം ക്രൂഡ് ഓയിൽ സംസ്കരിക്കുന്നത് ഇന്ത്യൻ ശുദ്ധീകരണ യൂണിറ്റുകൾക്ക് അനുയോജ്യമല്ലെന്നും ചെലവ് കൂടുതലാണെന്നും പറയുന്നു.