സർക്കാരിനെതിരെ ഗൂഡാലോചന നടത്തി സൈനിക അട്ടിമറിക്ക് ശ്രമിച്ചെന്നാണ് ബ്രസീൽ മുൻ പ്രസിഡന്‍റിനെതിരായാ ആരോപണം.
ബ്രസീൽ: സൈനിക അട്ടിമറി ഗൂഢാലോചന കേസിൽ മുൻ ബ്രസീലിയൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയ്ക്ക് 27 വർഷം തടവ് ശിക്ഷ. ബ്രസീലിയൻ സുപ്രീം കോടതിയാണ് ബോൾസോനാരോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022-ലെ തെരഞ്ഞെടുപ്പിൽ ലുല ഡ സിൽവയോട് ശേഷം അധികാരത്തിൽ തുടരാൻ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം. ജനാധിപത്യത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബോൾസോനാരോ പ്രവർത്തിച്ചു എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് കാർമെൻ ലൂസിയ പറഞ്ഞു. ബോള്‍സോനാരോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തെളിഞ്ഞാൽ 40 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
ലുലയുടെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും, ക്രിമിനൽ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങളാണ് ബോൾസോനാരോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരിൽ മൂന്ന് പേർ ബോൾസോനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നിലവിൽ വീട്ടുതടങ്കലിലാണ് ബോൾസോനാരോ. നേരത്തെ സുപ്രീം കോടതിയുടെ ഉത്തരവിലായിരുന്നു വീട്ടുതടങ്കലിലാക്കിയത്. സോഷ്യൽ മീഡിയ നിരോധനം ലംഘിച്ചതിനെ തുടർന്നായിരുന്നു ബോൾസോനാരോയെ വീട്ടുതടങ്കലിലാക്കിയത്.
ബോൾസോനാരോ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധമുള്ള നേതാവാണ്. കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നേരത്തെ ബോള്‍സോനാരോയ്‌ക്ക് എതിരെയുള്ള നടപടചികളുടെ പേരിലാണ് ബ്രസീലിന് അധികതീരുവയിൽ ഉയർന്ന നികുതി ചുമത്തുന്നതെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.തീവ്ര വലതുപക്ഷക്കാരനായിരുന്നു ബോൾസോനാരോ. സ്വവർഗ വിവാഹം, ഗർഭഛിദ്രം എന്നിവയോയെ ശക്തമായി എതിർത്തിരുന്ന ബോൾസോനാരോ കടുത്ത വിമർശനം നേരിട്ടിരുന്നു.


