ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി നല്‍കി ബ്രിട്ടന്‍. നാലാമത്തെ കൊവിഡ് വാക്‌സിനാണ് ബ്രിട്ടന്‍ അനുമതി നല്‍കിയത്. നേരത്തെ ഫൈസര്‍, ആസ്ട്ര സെനക, മൊഡേണ വാക്‌സിനുകള്‍ക്ക് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കിയത്. രാജ്യത്തെ വാക്‌സിനേഷന്‍ വേഗത്തിലാകുമെന്നും വൈകാതെ പഴയ സ്ഥിതിയിലേക്ക് എത്താമെന്നുമാണ് കണക്കുകൂട്ടല്‍. 

ഒറ്റ ഡോസ് വാക്‌സീനെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വാഗതം ചെയ്തു. കൊറോണവൈറസില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ഒറ്റ ഡോസ് വാക്‌സീന്‍ ഗുണം ചെയ്യുമെന്നും എല്ലാവരും വാക്‌സിനെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയയാണ് നടക്കുന്നതെന്നും വാക്‌സിനേഷന്‍ ഇതുവരെ 13,000 പേരുടെ ജീവന്‍ രക്ഷിച്ചെന്നും ബ്രിട്ടന്‍ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു. 

20 ദശലക്ഷം വാക്‌സീനാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കിയത്. വൈറസിനെതിരെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്‌സീന്‍ 72 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഈ വാക്‌സീന്‍ സ്വീകരിക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലറ്റ് കുറയുന്നതിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കണമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നിര്‍ദേശം നല്‍കി. ഫൈസര്‍, ആസ്ട്ര സെനക വാക്‌സീനുകളാണ് ബ്രിട്ടനില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona