യൂണിഫോമിലായിരിക്കുമ്പോൾ പൊതുസ്ഥലങ്ങളിൽ പാനീയങ്ങൾ കുടിക്കുന്നതിന് ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാർക്ക് വിലക്ക്. താമസിക്കുന്ന ഹോട്ടലുകളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതും വിലക്കി.
ലണ്ടൻ: യൂണിഫോമിലായിരിക്കുമ്പോൾ പൊതുസ്ഥലങ്ങളിൽ കാപ്പി, ചായ, സോഡ എന്നിവ കുടിക്കുന്നതിന് ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലെ ജീവനക്കാർക്കും പൈലറ്റുമാർക്കും വിലക്ക്. ജീവനക്കാർ പൊതുസ്ഥലങ്ങളിൽ വെള്ളമൊഴികെ മറ്റൊന്നും കുടിക്കാൻ പാടില്ലെന്നാണ് ബ്രിട്ടീഷ് എയർവെയ്സ് നൽകിയ നിർദേശം. കാപ്പിയും മറ്റ് പാനീയങ്ങളും സ്റ്റാഫ് റൂമുകളോ കാന്റീനുകളോ പോലുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ കുടിക്കാവൂ എന്നും നിർദേശമുണ്ട്.
ബ്രിട്ടീഷ് എയർവേയ്‌സിന്‍റെ മാർഗനിർദേശങ്ങൾ
വിമാന കമ്പനിയുടെ പ്രൊഫഷണൽ നിലവാരം നിലനിർത്താൻ വേണ്ടിയാണ് ഈ പുതിയ നിയമങ്ങളും മാർഗനിർദേശങ്ങളും കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്. പാനീയങ്ങൾക്ക് പുറമെ, ജീവനക്കാരുടെ നഖം, ലിപ്സ്റ്റിക്, ഹെയർസ്റ്റൈൽ, കണ്ണടകൾ എന്നിവ സംബന്ധിച്ചുള്ള നിർദേശങ്ങളും കർശനമായി പാലിക്കണം. യൂണിഫോം ധരിച്ച് യാത്ര ചെയ്യുന്നതും ബ്രിട്ടീഷ് എയർവേയ്‌സ് വിലക്കിയിട്ടുണ്ട്. മറ്റ് വിമാന കമ്പനികളിൽ മിക്കവയും ജീവനക്കാരെ യൂണിഫോമിൽ യാത്ര ചെയ്യാൻ അനുവാദിക്കാറുണ്ട്. അതിനാൽ ഈ നിയമം പക്ഷപാതപരമാണെന്ന് ജീവനക്കാർക്കിടയിൽ വിമർശനം ഉയർന്നു. ഇത്തരം നിർദേശങ്ങൾ തൊഴിലിടത്തെ മെച്ചപ്പെടുത്തുന്നതിനാണ് എന്നാണ് വിമാന കമ്പനി അവകാശപ്പെടുന്നത്.
താമസിക്കുന്ന ഹോട്ടലുകളുടെ ഫോട്ടോകൾ എടുക്കരുത്
വിമാന ജീവനക്കാരും പൈലറ്റുമാരും താമസിക്കുന്ന ഹോട്ടലുകളുടെ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നതും ബ്രിട്ടീഷ് എയർവെയ്സ് വിലക്കി. ഇതിന് കാരണമായി ബ്രിട്ടീഷ് എയർവെയ്സ് പറയുന്നത് സുരക്ഷാ പ്രശ്നങ്ങളാണ്. എഐ ടൂളുകളും മറ്റും ഉപയോഗിച്ച് ഹോട്ടലുകൾ ഏതെന്ന് തിരിച്ചറിയുന്ന സാഹചര്യമുണ്ടെന്നും ഇത് ജീവനക്കാരെ അപകടത്തിലാക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്നുമാണ് വിമാന കമ്പനിയുടെ വിശദീകരണം. ഈ നിർദേശം പാലിക്കാത്ത ജീവനക്കാർക്ക് അച്ചടക്ക നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. അതായത് ചെക്ക്-ഇൻ സമയത്തും വിമാനത്താവള ടെർമിനലിലൂടെ നടക്കുമ്പോഴും യൂണിഫോമി ഫോട്ടോകൾ എടുത്താൽ ജീവനക്കാർക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരും എന്നാണ് അറിയിപ്പ്.


