അഫ്ഗാനിസ്ഥാനിലെ നിയമങ്ങള്‍ മാനിച്ചുകൊണ്ടാണ് ഞങ്ങളുടെ മാതാപിതാക്കള്‍ ഇത്രയും നാള്‍ അവിടെ ജീവിച്ചതെന്നും കേസില്‍ ഇടപെടരുതെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റിനോട് റെയ്നോള്‍ഡും ഭാര്യയും ആവശ്യപ്പെട്ടതായും മക്കൾ പറയുന്നു.
ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടീഷ് വയോധിക ദമ്പതികള്‍ അറസ്റ്റില്‍. പീറ്റര്‍ റെയ്നോള്‍ഡ് (79), ഭാര്യ ബാര്‍ബി (75) എന്നിവരെയാണ് താലിബാന്‍ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് മാതാപിതാക്കൾ അറസ്റ്റിലായെന്ന് ഇവരുടെ മക്കള്‍ അറിയിച്ചു. മതാപിതാക്കളെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. 18 വര്‍ഷമായി അഫ്ഗാനിസ്ഥാനിലാണ് റെയ്നോള്‍ഡും ബാര്‍ബിയും ജീവിക്കുന്നത്. അതേസമയ, ദമ്പതികളുടെ നാല് മക്കൾ ഇംഗ്ലണ്ടിലാണ് താമസം. ഇവരെ വിട്ടയക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് മക്കള്‍ താലിബാന്‍ ഗവണ്‍മെന്‍റിന് കത്തയച്ചു. ഇരുവരും അഫ്ഗാനിസ്ഥാനില്‍ റീ ബില്‍ഡ് എന്ന സ്ഥാപനം നടത്തുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരിശീലനം നൽകുകയാണ് ഇവരുടെ ജോലി.
'അഫ്ഗാനിസ്ഥാനിലെ നിയമങ്ങളെ മാനിച്ചുകൊണ്ടാണ് ഞങ്ങളുടെ മാതാപിതാക്കള്‍ ഇത്രയും നാള്‍ അവിടെ ജീവിച്ചത്. ഇംഗ്ലണ്ടില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നതിനേക്കാള്‍ അഫ്ഗാനിസ്ഥാനില്‍ താമസിക്കാനാണ് അവര്‍ ഇഷ്ടപ്പെട്ടിരുന്നത്. ശിഷ്ട കാലം അവിടെ തന്നെ ജീവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇരുവരെയും മോചിപ്പിച്ച് അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും മക്കള്‍ താലിബാന് അയച്ച കത്തില്‍ പറയുന്നു.
കേസില്‍ ഇടപെടരുതെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റിനോട് റെയ്നോള്‍ഡും ഭാര്യയും ആവശ്യപ്പെട്ടതായും മക്കൾ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ പ്രവിശ്യയിലെ നയാകിലെ വീട്ടില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. റെയ്നോള്‍ഡിനും ഭാര്യക്കും അഫ്ഗാന്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്നും ദമ്പതികള്‍ താമസിച്ചിരുന്നിടത്ത് ഇതിന് മുമ്പും താലിബാന്‍ പരിശോധന നടത്തിയിരുന്നതായും റീ ബില്‍ഡ് മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ, താലിബാൻ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More:അഫ്ഗാനുമായി വിവിധ മേഖലകളിൽ സഹകരണം; താലിബാനുമായി ആദ്യമായി തുറന്ന ചര്‍ച്ച നടത്തി ഇന്ത്യ
