ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പനിയും തൊണ്ടവേദനയുമനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പരിശോധന ഫലം പോസിറ്റീവായെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഡോറിസ്. ഡോറിസ് ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി. കൊവിഡ് 19 സ്ഥിരീകരിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രീയ നേതാവാണ് ഡോറിസ്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണടക്കം നൂറോളം പേരുമായി ഇവര്‍ അടുത്തിടപഴകിയിരുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ഇവര്‍ക്ക് പനി ബാധിച്ചത്. തനിക്ക് പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും ഡോറിസ് നന്ദി പറഞ്ഞു. ഡോറിസ് രോഗം ഭേദമായി തിരിച്ചെത്തട്ടെയെന്ന് സഹപ്രവര്‍ത്തകര്‍ പറ‍ഞ്ഞു. 370 പേര്‍ക്കാണ് ബ്രിട്ടനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. 6 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ നിന്ന് ഇറ്റലിയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. യൂറോപ്പിലും കൊവിഡ് 19 ബാധിക്കുന്നവുടെ എണ്ണം വര്‍ധിക്കുകയാണ്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വലിയ സുരക്ഷാ മുന്‍കരുതലുകളാണ് യൂറോപ്പില്‍ സ്വീകരിക്കുന്നത്.