ബെയ്ജിംഗ്: വിസ്കിയും തേനും കഴിച്ച് കൊറോണ വൈറസ് ബാധയെ തുരത്തിയെന്ന് ബ്രിട്ടീഷ് യുവാവ്. കോനർ റീഡ് എന്നയാളാണ് അവകാശവാദവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ വുഹാനിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കുകയാണ് കോനർ റീഡെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കോനർക്ക് രണ്ട് മാസം മുമ്പ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. കടുത്ത ചുമയുടെയും പനിയുടെയും ന്യൂമോണിയയുടെയും ലക്ഷണങ്ങളുമായാണ് കോനർ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയത്. പരിശോധനയില്‍ ഇയാളിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. താൻ രക്ഷപ്പെടില്ലെന്നാണ് കരുതിയിരുന്നതെന്ന് കോനർ 'ദി സൺ'നോട് പറഞ്ഞു. 

Read Also: കൊറോണ: മരിച്ചവരുടെ എണ്ണം 492 ആയി, കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ

രണ്ടാഴ്ചയോളം കോനർ ചികിത്സയിലായിരുന്നു. ഡോക്ടർമാർ നിര്‍ദേശിച്ച ആന്റി ബയോട്ടിക്കുകൾ താൻ നിരസിച്ചുവെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. ശ്വാസതടസം നേരിട്ടപ്പോൾ ഇൻഹേലറിനെയായിരുന്നു പൂർണ്ണമായും ആശ്രയിച്ചത്. അതിനൊപ്പം വിസ്കിയിൽ തേനും ചേർത്ത് കഴിച്ചിരുന്നു. ഇതാണ് രോഗത്തെ തുരത്തിയതെന്നാണ് കോനർ പറയുന്നത്. മതിയായ വിശ്രമവും മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുന്നതും രോഗശാന്തി നൽകുമെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്.

അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയിൽ 490 ഉം ഫിലിപ്പിയൻസിലും ഹോങ്കോങ്ങിലുമായി രണ്ടുപേരും മരിച്ചു. ഇരുപത്തിനാലായിരത്തിലധികം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.