ലണ്ടൻ: ഇംഗ്ലണ്ടിനെ ആഹ്ളാദത്തിലാഴ്ത്തി ആ വാർത്ത പുറത്തു വന്നു. ഹാരി രാജകുമാരനും മേഗൻ മർക്കിളിനും ആൺകുഞ്ഞ്. രാജാവിന്‍റെ പദവിയിലേക്കുള്ള ഊഴത്തിൽ ഏഴാമനായിരിക്കും ഹാരിയുടെയും മേഗന്‍റെയും മകൻ. ഹാരി രാജകുമാരൻ തന്നെയാണ് ആൺകുഞ്ഞ് പിറന്ന സന്തോഷവിവരം പുറത്തു വിട്ടത്. തൊട്ടുപിന്നാലെ സസക്സ് കൊട്ടാരത്തിൽ നിന്നുള്ള വാർത്താക്കുറിപ്പും പുറത്തുവന്നു. 

''Absolutely to die for'' എന്നാണ് കുഞ്ഞ് ജനിച്ചതിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് ഹാരി പറഞ്ഞത്. ഹാരി - മേഗൻ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. 3.2 കിലോ തൂക്കമുണ്ട് കുഞ്ഞിന്. പൂർണ ആരോഗ്യവാൻ. സുഖപ്രസവമായിരുന്നു. മേഗനും സുഖമായിരിക്കുന്നു. 

''അങ്ങനെ ഒരു ആൺകുഞ്ഞ് വന്നു'', ചിരിച്ചുകൊണ്ട് ഹാരി മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു. ''എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണിത്. ഓരോ സ്ത്രീയും കുഞ്ഞിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ തീർച്ചയായും നമുക്കൊരിക്കലും ചെയ്യാൻ കഴിയാത്തതാണ്. ഞങ്ങളുടെ ഈ നല്ല നിമിഷങ്ങളിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി, സന്തോഷം'', ഹാരി പറഞ്ഞു. 

ഹാരിയുടെ വാക്കുകൾ കേൾക്കാം:

''ഞങ്ങളുടെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ കൂടെ നിന്ന ജനങ്ങളോട് നന്ദി അറിയിക്കുന്നു''വെന്ന് സസക്സ് കൊട്ടാരം പുറത്തുവിട്ട വാ‍ർത്താക്കുറിപ്പിൽ പറയുന്നു. 

ഇംഗ്ലണ്ടിന്‍റെ രാജ്ഞിയായ ക്വീൻ എലിസബത്തിന്‍റെ പേരക്കുട്ടിയാണ് ഹാരി. പ്രശസ്തയായിരുന്ന ഡയാന രാജകുമാരിയുടെയും അടുത്ത രാജാവായി അധികാരമേൽക്കുന്ന ചാൾസ് രാജകുമാരന്‍റെയും രണ്ടാമത്തെ മകൻ. കഴിഞ്ഞ വർഷം മെയിലാണ് വലിയ ആഘോഷത്തോടെ വിൻഡ്‍സോർ കൊട്ടാരത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടന്നത്. ഹാരിക്ക് 34 വയസ്സാണ് പ്രായം. അമേരിക്കയിലെ മുൻനിര നടി കൂടിയായിരുന്ന മേഗന് 37 വയസ്സും. 

ക്വീൻ എലിസബത്തിന്‍റെ പേരക്കുട്ടികളുടെ കുട്ടികളിൽ എട്ടാമത്തെയാളാകും ഇപ്പോൾ പിറന്ന കുഞ്ഞ്. 93 വയസ്സുള്ള എലിസബത്ത് രാജ്ഞി ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാജ്ഞിമാരിൽ ഒരാളാണ്. ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വം ഒരുപോലെ സ്വന്തമായുണ്ട് ക്വീൻ എലിസബത്തിന്. 

എന്തായാലും കുഞ്ഞിനെ രാജാവെന്ന് വിളിക്കാനാകില്ല ഇപ്പോൾ. അതിന് രാജ്ഞി അനുമതിപത്രം എഴുതി നൽകണം. ഹാരി രാജകുമാരന്‍റെയും മേഗൻ മർക്കിളിന്‍റെയും ഔദ്യോഗികപദവികൾ സസക്സ് പ്രഭുവെന്നും പ്രഭ്വിയെന്നുമാണ്.