Asianet News MalayalamAsianet News Malayalam

ശിഷ്യകളെ ബലാത്സംഗം ചെയ്തു, ബെസ്റ്റ് സെല്ലര്‍ പുസ്തകമെഴുതി; എന്നും വിവാദങ്ങളില്‍ ജീവിച്ച ബുദ്ധ സന്ന്യാസി അന്തരിച്ചു

'തിബറ്റന്‍ ബുക്ക് ഓഫ് ലിവിംഗ് ആന്‍ഡ് ഡൈയിംഗ്' എന്ന പുസ്തകമെഴുതിയതിലൂടെ പ്രശസ്തിയുടെ പടവുകള്‍ കയറി. 30 ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിച്ച പുസ്തകത്തിലൂടെ ആയിരക്കണക്കിന് അനുയായികളെ സ്വന്തമാക്കി. 1994ലാണ് സോംഗ്യാലിനെതിരെ ആദ്യ ആരോപണമുയരുന്നത്. 

Budhist teacher Songyal Rimpoche passes away
Author
Bangkok, First Published Aug 29, 2019, 11:14 AM IST

ബാങ്കോക്: എന്നും വിവാദങ്ങളുടെ തോഴനായിരുന്ന പ്രസിദ്ധ ബുദ്ധ സന്നാസി സോംഗ്യാല്‍ ലാകര്‍ (സോംഗ്യാല്‍ റിംപോച്ചെ)അന്തരിച്ചു. അര്‍ബുദ ബാധിതനായ സോംഗ്യാല്‍ ഏറെ നാളായി തായ്‍ലന്‍ഡില്‍ ചികിത്സയിലായിരുന്നു. 72ാം വയസ്സിലാണ് അന്ത്യം. ഏറ്റവും കൂടുതല്‍ ശിഷ്യരുള്ള ബുദ്ധ സന്ന്യാസിയായിരുന്നു സോംഗ്യാല്‍ ലാകര്‍. 13ാം ദലൈലാമയുടെ ഗുരുവിന്‍റെ പുനരവതാരമാണ് താനെന്ന് അദ്ദേഹവും അനുയായികളും വിശ്വസിച്ചു.

1947ല്‍ തിബറ്റിലാണ് ജനനം. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ കംപാരറ്റീവ് റിലീജിയന്‍ പഠിച്ചു. ' തിബറ്റന്‍ ബുക്ക് ഓഫ് ലിവിംഗ് ആന്‍ഡ് ഡൈയിംഗ്' എന്ന പുസ്തകമെഴുതിയതിലൂടെ പ്രശസ്തിയുടെ പടവുകള്‍ കയറി. 30 ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിച്ച പുസ്തകത്തിലൂടെ ആയിരക്കണക്കിന് അനുയായികളെ സ്വന്തമാക്കി. 1994ലാണ് സോംഗ്യാലിനെതിരെ ആദ്യ ആരോപണമുയരുന്നത്.

Budhist teacher Songyal Rimpoche passes away

സോംഗ്യാല്‍ റിംപോച്ചെ ദലൈലാമക്കൊപ്പം

ലൈംഗികവും മാനസികവുമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി 100 കോടി ഡോളറിന്‍റെ മാനനഷ്ടക്കേസ് നല്‍കി. ഈ കേസ് കോടതിക്ക് പുറത്തുവച്ച് സോംഗ്യാല്‍ ഒത്തുതീര്‍പ്പാക്കി. യുവതിക്ക് പിന്നാലെ ആരോപണവുമായി കൂടുതല്‍ യുവതികള്‍ രംഗത്തെത്തി. അതോടെ സോംഗ്യാലിന്‍റെ പ്രശസ്തിക്ക് മങ്ങലേറ്റു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഒറ്റക്കേസില്‍ പോലും സോംഗ്യാല്‍ ശിക്ഷിക്കപ്പെട്ടില്ല.

പരാതികളെ തുടര്‍ന്ന് ബുദ്ധിസ്റ്റ് അന്വേഷണ കമ്മീഷന്‍ സോംഗ്യാലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സോംഗ്യാലിനെതിരെയുള്ള മിക്ക പരാതികളിലും കഴമ്പുള്ളതായി കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍, ആരോപണങ്ങള്‍ തെളിയിക്കത്തക്ക വിധമുള്ള തെളിവുകള്‍ ലഭിച്ചില്ല.

അതേസമയം, ആരോപണങ്ങള്‍ക്കിടയിലും സോംഗ്യാലിയുടെ അനുയായി വൃന്ദം വലുതായിക്കൊണ്ടിരുന്നു. സെക്സ് ആന്‍ഡ് വയലന്‍സ് ഇന്‍ തിബറ്റന്‍ ബുദ്ധിസം എന്ന പുസ്തകത്തില്‍ എഴുത്തുകാരി മേരി ഫിന്നിംഗന്‍ സോംഗ്യാലിനെ വിശേഷിപ്പിച്ചത് കരിസ്മാറ്റിക് ആയ മര്യാദയില്ലാത്ത നേതാവാണെന്നാണ്. പണവും അധികാരവും ഉപയോഗിച്ച് പുരാതനമായ ബുദ്ധിസ്റ്റ് ആത്മീയതയെ അധിക്ഷേപിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios