Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് യൂറോപ്യന്‍ യൂണിയൻ പാർലമെന്‍റിൽ പ്രമേയം

 751 എംപിമാരില്‍ 560എംപിമാരാണ് പ്രമേയവുമായി എത്തിയിരിക്കുന്നത്. വേര്‍തിരിക്കുന്നതും അപകടകരമായ രീതിയില്‍ വിള്ളലുകള്‍ തീര്‍ക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതിയെന്നാണ് പ്രമേയം അവകാശപ്പെടുന്നത്. 

CAA is discriminatory and dangerously divisive Debate in European Parliament today, tomorrow voting
Author
New Delhi, First Published Jan 29, 2020, 9:55 AM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത പ്രമേയം ഇന്ന് അവതരിപ്പിക്കും. ഇന്ന് ചര്‍ച്ച നടത്തിയ ശേഷം പ്രമേയത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും. 751 എംപിമാരില്‍ 560എംപിമാരാണ് പ്രമേയവുമായി എത്തിയിരിക്കുന്നത്. വേര്‍തിരിക്കുന്നതും അപകടകരമായ രീതിയില്‍ വിള്ളലുകള്‍ തീര്‍ക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതിയെന്നാണ് പ്രമേയം വ്യക്തമാക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്‍റ് പ്രമേയം യുറോപ്യന്‍ കൗണ്‍സിലിന്‍റെയോ യൂറോപ്യന്‍ കമ്മീഷന്‍റെയോ തീരുമാനങ്ങളെ ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

അതേസമയം, യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തെ താല്‍ക്കാലികമായി ചെറിയ തോതില്‍ ബാധിക്കുമെന്നുമാണ് നിരീക്ഷണം. സിഎഎക്കെതിരെ ആറ് പ്രമേയങ്ങളുടെ കരടാണ് വിവിധ ഗ്രൂപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കരടുകള്‍ ഏകീകരിച്ച് ഒറ്റ പ്രമേയമായിട്ടായിരിക്കും അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാറിന്‍റെ കശ്മീര്‍ നിലപാടിനെയും യൂറോപ്യന്‍ പാര്‍ലമെന്‍റ് എതിര്‍ക്കുന്നുണ്ട്. ഇന്ത്യ നടപ്പാക്കിയ സിഎഎ നിയമത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് വക്താവ് വിര്‍ജിനി ബട്ടു-ഹെന്‍റിക്സണ്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍റെ അടുത്ത പങ്കാളിയാണ് ഇന്ത്യ എന്നതില്‍ സംശയമില്ല. വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെയോ അംഗങ്ങളുടെയോ അഭിപ്രായം യൂറോപ്യന്‍ യൂണിയന്‍റെ ഔദ്യോഗിക നിലപാടല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിഎഎ സംബന്ധിച്ച് ഇന്ത്യന്‍ ഭാഗം വിശദീകരിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി ഗായത്രി കുമാറിനെ ബ്രസ്സല്‍സിലേക്കയച്ചിട്ടുണ്ട്. പാകിസ്ഥാന്‍ ഇടപെടലിനെ തുടര്‍ന്ന് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലെയും ലിബറല്‍ ഡെമോക്രാറ്റുകളുടെയും അംഗങ്ങളാണ് പ്രമേയത്തിന് പിന്നിലെന്നാണ് ഇന്ത്യ കരുതുന്നത്. സിഎഎ പൂര്‍ണമായും ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ പ്രമേയം പാസാക്കാനുള്ള തീരുമാനം അനാവശ്യമാണെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. യൂറോപ്യന്‍ പാര്‍ലമെന്‍റ് സ്വതന്ത്ര സംവിധാനമാണെന്നും യൂറോപ്യന്‍ യൂണിയന്‍റെ ഔദ്യോഗിക നിലപാടിനെ സ്വാധീനിക്കില്ലെന്ന് വ്യക്തമാക്കുമ്പോഴും അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടിയാകുമെന്നാണ് ഇന്ത്യന്‍ കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ പ്രമേയം പാസാകാതിരിക്കാനാണ് ഇന്ത്യയുടെ ശ്രമം.

Follow Us:
Download App:
  • android
  • ios