വാഷിംഗ്ടൺ: യുഎസ് പാർലമെൻ്റായ ക്യാപിറ്റോൾ ഹിൽസിലേക്ക് ഡൊണാൾഡ് ട്രംപിൻ്റെ അനുയായികൾ നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പ്രസിഡൻ്റെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന കാര്യം ക്യാബിനറ്റ് ആലോചിക്കുന്നതായി സൂചന. ട്രംപ് നയിക്കുന്ന ക്യാബിനറ്റിലെ അംഗങ്ങളാണ് സ്വന്തം പ്രസിഡൻ്റിനെ നീക്കം ചെയ്യാനുള്ള സാധ്യത പരിശോധിക്കുന്നതെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

യുഎസ് ഭരണഘടനയിലെ 25-ാം വകുപ്പ് അനുസരിച്ച് വൈസ് പ്രസിഡൻ്റിനും ക്യാബിനറ്റിനും ചേർന്ന് പ്രസിഡൻ്റിനെ നീക്കം ചെയ്യാൻ അധികാരമുണ്ട്.  സ്വന്തം ചുമതലകളും ഉത്തരവാദിത്തങ്ങളും നടപ്പാക്കാൻ പ്രസിഡൻിന് സാധിക്കാത്ത സാഹചര്യത്തിലാണ് ഇംപീച്ച്മെൻ്റ നടപടികൾക്ക് 25-ാം വകുപ്പ് ശുപാർശ ചെയ്യുന്നത്. എന്നാൽ ഈ നടപടിക്ക് തുടക്കമിടാൻ വൈസ് പ്രസിഡൻ് മൈക്ക് പെൻസിൻ്റെ പിന്തുണ വേണം എന്നതാണ് ഏറ്റവും നിർണായകമായ കാര്യം. ട്രംപിൻ്റെ വിശ്വസ്തനായ മൈക്ക് പെൻസ് അതിന് തയ്യാറാവുമോ എന്നറിയില്ല. 

ഒരു കൺട്രോളുമില്ലാത്ത അവസ്ഥയിലാണ് ട്രംപെന്ന് റിപ്പബ്ളിക്കൻ പാർട്ടിയുടെ ഉന്നത നേതാവ് തന്നെ പറഞ്ഞതായി സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.. ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികൾ പാർട്ടിയും സർക്കാരും സജീവമായി പരിഗണിക്കുന്നുണ്ടെന്നും ട്രംപിന് നീക്കം ചെയ്യാൻ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസിന് മേലെ കനത്ത സമ്മർദ്ദമാണ് സഹപ്രവർത്തകർ ചെലുത്തുന്നതെന്നും സിബിഎസ്, എബിസി എന്നീ ചാനലുകളും റിപ്പോർട്ട് ചെയ്യുന്നു. 

ക്യാപിറ്റോളിൽ തീവ്രവാദി ആക്രമണം നടത്തുകയായിരുന്നു ട്രംപ്. അമേരിക്കൻ ജനാധിപത്യത്തിന് തന്നെ ഭീഷണിയായി മാറി കഴിഞ്ഞു ഇയാൾ. എത്രയും പെട്ടെന്ന് ഇയാളെ വൈറ്റ് ഹൌസിൽ നിന്നും പുറത്താക്കാൻ വേണ്ടത് ചെയ്യണം. - സെനറ്റ് അംഗം കാത്തലീൻ റൈസ് ട്വീറ്റ് ചെയ്തു. 

ട്രംപിൻ്റെ കാര്യത്തിൽ അടിയന്തരമായി ഒരു തീരുമാനം വേണമെന്നും ക്യാപിറ്റോൾ ആക്രമണത്തിന് മണിക്കൂറുകൾ മുൻപ് അനുയായികളെ പ്രകോപിപ്പിച്ച് ട്രംപ് നടത്തിയ പ്രസംഗം അയാളുടെ മാനസികനിലയ്ക്ക് കാര്യമായ തകരാറുണ്ടെന്നതിന് തെളിവാണെന്നും വൈസ് പ്രസിഡൻ് മൈക്ക് പെൻസിന് അയച്ച കത്തിൽ ഡെമോക്രാറ്റിക് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ക്യാപിറ്റോളിൽ അക്രമം നടത്തിയവരെ ട്രംപ് ഇളക്കി വിടുകയായിരുന്നുവെന്നും സ്വന്തം രാജ്യത്തിനെതിരെ അഭ്യന്തരമായ തീവ്രവാദ ആക്രമണം നടത്താൻ ട്രംപ് അവസരമൊരുക്കിയെന്നും ഡെമോക്രാറ്റ് പാർട്ടി നേതാക്കൾ ആരോപിക്കുന്നു.