കാനഡക്കാർ അഭിമാനികളാണ്. രാജ്യത്തിനായി ഏതറ്റം വരെയും പോരാടാൻ തയ്യാറാണെന്ന് ട്രൂഡോ സർക്കാരിന്‍റെ സഖ്യകക്ഷി ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ജഗ്മീത് സിങ്. 

ഒട്ടാവ: കാനഡയെ അമേരിക്കയിൽ ലയിപ്പിക്കാമെന്ന് പറഞ്ഞ നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കർശന താക്കീതുമായി ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് ജഗ്മീത് സിങ്. മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിൽ സഖ്യകക്ഷിയായിരുന്നു എൻഡിപി. 

"ഡൊണാൾഡ് ട്രംപിന് ഒരു സന്ദേശം കൈമാറാനുണ്ട്. ഞങ്ങളുടെ രാജ്യം (കാനഡ) വിൽപ്പനയ്‌ക്ക് വച്ചിട്ടില്ല. ഇപ്പോഴെന്നല്ല, ഒരിക്കലുമില്ല" എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ജഗ്മീത് സിങ് പറഞ്ഞത്. കാനഡക്കാർ അഭിമാനികളാണ്. അവർ തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നു. രാജ്യത്തിനായി ഏതറ്റം വരെയും പോരാടാൻ തയ്യാറാണെന്നും സിങ് പറഞ്ഞു.

24 പേർ കൊല്ലപ്പെട്ട ലോസ് ഏഞ്ചൽസിലെ തീപിടിത്തത്തിനിടെ നല്ല അയൽക്കാരെ പോലെ കാനഡക്കാർ രക്ഷാപ്രവർത്തനത്തിന് എത്തിയെന്നും സിങ് അവകാശപ്പെട്ടു. കാട്ടുതീ വീടുകൾ വിഴുങ്ങുമ്പോൾ കനേഡിയൻ അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിന് എത്തിയെന്ന് ജഗ്മീത് സിങ് ചൂണ്ടിക്കാട്ടി. 

അതേസമയം കാനഡയ്ക്കുമേൽ യുഎസ് തീരുവ ചുമത്തിയാൽ തിരിച്ചടിക്കുമെന്നും ജഗ്മീത് സിങ് മുന്നറിയിപ്പ് നൽകി- "ഡൊണാൾഡ് ട്രംപ് വിചാരിച്ചാൽ, ഞങ്ങളോട് യുദ്ധം ചെയ്യാൻ കഴിയുമെന്ന് കരുതുന്നുവെങ്കിൽ, അതിന് കനത്ത വില നൽകേണ്ടിവരും. ട്രംപ് ഞങ്ങളുടെ മേൽ താരിഫ് ചുമത്തിയാൽ, ഞങ്ങൾ തിരിച്ചും താരിഫ് ചുമത്താൻ പ്രതിജ്ഞാബദ്ധമാണ്. പ്രധാനമന്ത്രിയായി മത്സരിക്കുന്ന ആരെങ്കിലും അത് ചെയ്യുമെന്ന് ഞാൻ കരുതുന്നു".

കാനഡയെ അമേരിക്കയുടെ 51ആം സംസ്ഥാനമാക്കാമെന്ന ട്രംപിന്‍റെ വാഗ്ദാനത്തോടാണ് ജഗ്മീത് സിങ് രൂക്ഷമായി പ്രതികരിച്ചത്. കാനഡയിലെ ജനങ്ങൾക്ക് അമേരിക്കയിലെ 51-ാമത്തെ സംസ്ഥാനമാകുന്നതിൽ താൽപര്യമുണ്ട് എന്നാണ് ട്രംപിന്‍റെ വാദം. കാനഡ യുഎസുമായി ലയിച്ചാൽ നികുതികൾ കുറയുമെന്നും റഷ്യയുടെയും ചൈനയുടെയും ഭീഷണിയുണ്ടാവില്ലെന്നുമാണ് ട്രംപിന്‍റെ വാഗ്ദാനം. കാനഡ അതിർത്തി വഴിയുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒഴുക്ക് തടയാൻ കാനഡയ്ക്ക് കഴിഞ്ഞില്ലെങ്കിൽ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

Scroll to load tweet…

'കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാം, രണ്ടുണ്ട് കാര്യം': ട്രൂഡോയുടെ രാജിക്ക് പിന്നാലെ ട്രംപ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം