വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ഇന്ന് ഔപചാരികമായി തുടക്കം കുറിക്കും. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയെ കണ്ടെത്താനുള്ള അയോവ കോക്കസോടെയാണ്‌ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കമാകുക. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ നേരിടാനുള്ള സ്ഥാനാർഥിയെ കണ്ടെത്താൻ അയോവക്കാർ ഇന്ന് ആദ്യവോട്ട് രേഖപ്പെടുത്തും. 

പാർട്ടിയിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തവർക്കും സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ താത്പര്യം കാണിക്കുന്നവർക്കുമാണ് വോട്ടുചെയ്യാനാവുക. കോക്കസിന് മുന്നോടിയായി അയോവയിലെത്തിയ സ്ഥാനാർഥികളെല്ലാം വോട്ടർമാരെക്കണ്ട് അവസാന അഭ്യർഥന നടത്തി.

അമേരിക്കൻ. മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ, ഇൻഡ്യാന മുൻമേയർ പീറ്റ് ബട്ട്ഗീഗ് വെർമൊണ്ട് സെനറ്റർ ബേണി സാൻഡേഴ്സ്, മാസച്യുസെറ്റ്സ് സെനറ്റർ എലിസബത്ത് വാറൻ എന്നിവരാണ് പാർട്ടിയിലെ മുൻനിര സ്ഥാനാർഥികൾ. ഇതിൽ ജോ ബൈഡനും ബേണി സാൻഡേഴ്സിനുമാണ് ട്രംപിന്‍റെ എതിരാളിയായി കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. അയോവ കോക്കസിന് പിന്നാലെ ഫെബ്രുവരി 11-ന് ന്യൂഹാം ഷെയർ പ്രൈമറി നടക്കും. നവംബറിലാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.