ഡിപി എന്ന പേരിൽ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റിനെയാണ് അറസ്റ്റ് ചെയ്തത്.

അങ്കാറ: മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് തുർക്കിയിൽ കാർട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ആക്ഷേപഹാസ്യ മാസികയുടെ ഓഫിസ് പ്രതിഷേധക്കാർ ആക്രമിക്കുകയും ചെയ്തു. ഡിപി എന്ന പേരിൽ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈകൾ ബന്ധിച്ച് ഉദ്യോഗസ്ഥർ കൊണ്ടുപോകുന്ന വീഡിയോ ആഭ്യന്തര മന്ത്രി അലി യെർലികായ എക്സിൽ പോസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുന്നതിനായി കലാകാരനെ കസ്റ്റഡിയിലെടുത്തതായി അദ്ദേഹം പറഞ്ഞു. എഡിറ്റർ-ഇൻ-ചീഫ്, ഗ്രാഫിക് ഡിസൈനർ, സ്ഥാപന ഡയറക്ടർ, കാർട്ടൂണിസ്റ്റ് എന്നിവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇസ്താംബൂളിലെ ലെമാൻ മാഗസിൻ പ്രസിദ്ധീകരിച്ച കാർട്ടൂണിൽ പ്രവാചകൻ മുഹമ്മദ് നബിയും പ്രവാചകൻ മോശയും മിസൈലുകൾക്കിടയിൽ ആകാശത്ത് ആശംസകൾ കൈമാറുന്ന ചിത്രം പ്രസിദ്ധീകരിച്ചികരിച്ചിരുന്നു. 

ചിത്രം പെട്ടെന്ന് തന്നെ വിവാദമാകുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. മാസികയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നു. ഇസ്ലാമിക സംഘടനയുമായി ബന്ധമുള്ള ഒരു കൂട്ടം ആളുകൾ കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞു. മതമൂല്യങ്ങളെ അപമാനിച്ചു എന്ന കുറ്റം ചുമത്തി മാസികയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നീതിന്യായ മന്ത്രി യിൽമാസ് ടങ്ക് പറഞ്ഞു. ഒരു വിശ്വാസത്തിന്റെ പവിത്രമായ മൂല്യങ്ങളെ വൃത്തികെട്ട രീതിയിൽ നർമ്മ വിഷയമാക്കാനുള്ള അവകാശം ആർക്കും നൽകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്നാൽ, തങ്ങളുടെ കാർട്ടൂണിൽ മുഹമ്മദ് കഥാപാത്രമല്ലെന്ന് മാ​ഗസിൻ അധികൃതർ അറിയിച്ചു. കാർട്ടൂൺ മുഹമ്മദ് നബിയെ ഒരു തരത്തിലും പരാമർശിക്കുന്നില്ലെന്നും അവർ പറഞ്ഞു. പ്രസിദ്ധീകരണത്തിനെതിരെ നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച ഇസ്താംബൂളിൽ പൊലീസിനെ വിന്യസിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിച്ചു.

2015-ൽ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ദോയിൽ മുഹമ്മദിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് തോക്കുധാരികൾ 12 പേരെ കൊലപ്പെടുത്തിയിരുന്നു.