കൊളംബോ: സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. സുരക്ഷാസേനയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം.

ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയിലും ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ബോംബ് സ്ഫോടനങ്ങളില്‍ 360 പേരാണ് ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പരിശോധനകളും അറസ്റ്റും ഇപ്പോഴും തുടരുകയാണ്.  പലയിടത്തും പരിശോധനകള്‍ക്കിടെയും  ബോംബ് സ്ഫോടനമുണ്ടായി. ഈ സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ പള്ളികളിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കാന്‍ കത്തോലിക്കാ സഭ തീരുമാനിച്ചത്. ശവസംസ്കാരച്ചടങ്ങുകള്‍ക്ക് തീരുമാനം ബാധകമല്ല.

അതേസമയം, സുരക്ഷ മുന്‍നിര്‍ത്തി പൊതുനിരത്തുകളില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് 6300 ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ബ്രിഗേഡിയര്‍ സുമിത് അട്ടപ്പട്ടു അറിയിച്ചു. നാവിക, വ്യോമ സേനകളും 2000 പേരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.