ഇസ്ലാമബാദ് : ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പീഡനക്കേസുകളില്‍  കുറ്റം തെളിയിക്കപ്പെടുന്നവര്‍ക്കെതിരെ മരുന്നുകള്‍ ഉപയോഗിച്ച് ഷണ്ഡവല്‍ക്കരിക്കണമെന്നും പരസ്യമായി തൂക്കിലേറ്റണവുമെന്നാണ് ഇമ്രാന്‍ ഖാന്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പീഡനത്തിലെ ക്രൂരതകള്‍ക്കനുസരിച്ച് ഗ്രേഡ് തിരിക്കാനും ഉയര്‍ന്ന ഗ്രേഡിലുള്ള പീഡനം കൊലപാതക കുറ്റമായി കണക്കാക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. കുട്ടികളുടെ മുന്നില്‍ വച്ച് സ്ത്രീയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത് രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പീഡനക്കേസുകളുടെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണമെന്നും തുടര്‍ച്ചയായി ഇത്തരം കൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ ശസ്ത്രക്രിയയിലൂടെ ഷണ്ഡവല്‍ക്കരിക്കുന്നത് കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരക്കാര്‍ക്ക് പൊതുജനമധ്യത്തില്‍ തൂക്കിക്കൊല്ലുകയാണ് വേണ്ടത്. എന്നാല്‍ രാജ്യാന്തര സമൂഹം ഈ ശിക്ഷാരീതിയെ അംഗീകരിക്കാനുള്ള സാധ്യത കുറവാകുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ശക്തമായ മൂന്നു രീതികളിലൂടെ ബലാത്സംഗം, പീഡനം, കുട്ടികള്‍ക്കെതിരായ പീഡനം എന്നിവയില്‍ കുറവുണ്ടാക്കുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.