ബീജിങ്: ഫോർബ്‌സ് പട്ടിക പ്രകാരം ലോകത്തെ 478ാമത്തെയും ഏഷ്യയിലെ 108ാമത്തെയും ധനികനായ വാങ് സെൻഹുവയെ ബാലപീഡന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചൈനയിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്യൂച്വർ ലാന്റ് ഡവലപ്മെന്റ് ഹോൾഡിംഗ്സ് എന്ന സ്ഥാപനത്തിന്റെ ചെയർമാനാണ് പിടിയിലായത്. 2019 ലെ കണക്ക് പ്രകാരം 420 കോടി യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. 

ഇദ്ദേഹത്തിനൊപ്പം സൂ (Zhou) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ ബാലികയുടെ അമ്മയാണ് പരാതി നൽകിയത്. തന്റെ മകളെ സൂ സിയാങ്സു പ്രവിശ്യയിൽ നിന്ന് ഷാങ്‌ഹായിയിലേക്ക് തട്ടിക്കൊണ്ടുപോയെന്നും വാങ്ങിനൊപ്പം ചേർന്ന് പീഡിപ്പിച്ചെന്നുമാണ് പരാതി.

ജൂലൈ ഒന്നിനാണ് വാങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ രണ്ടിന് സൂ പൊലീസിൽ കീഴടങ്ങി. കേസന്വേഷിക്കുന്ന അധികൃതർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് വാങ്ങിന്റെ കമ്പനി ഔദ്യോഗിക വെബ്സൈറ്റിലൂടെ പറഞ്ഞു. ബാലപീഡനം നടത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാലിത് ചിലപ്പോഴൊക്കെ കൂടാറുമുണ്ട്.