വെള്ളപ്പൊക്ക ദുരിതത്തിന് അറുതി വരുത്താന്‍  അണക്കെട്ട് തകര്‍ത്ത് ചൈന. മധ്യ ചൈനയിലെ ഹുബേയ് പ്രവിശ്യയിലെ യാംഗ്‌സ്റ്റേ നദിയിലെ ത്രീ ഗോര്‍ജെസ് ഡാമാണ് വെള്ളക്കെട്ട് കുറയ്ക്കാനായി തകര്‍ത്തത്. ഞായറാഴ്ച രാവിലെയാണ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. 

ഡാമിലെ ജലനിരപ്പ് കുറയ്ക്കാനായാണ് ഈ നടപടി. അപ്രതീക്ഷിത മഴയില്‍ ചൈനയിലെ നദികള്‍ കരകവിഞ്ഞ് നിരവധിപ്പരുടെ ജീവന്‍ അപകടത്തിലായിരുന്നു. ഇതിന് മുന്‍പ് അണക്കെട്ട് തകര്‍ത്ത് വെള്ളമൊഴുക്കി കളഞ്ഞ സാഹചര്യം ചൈനയിലുണ്ടായത് 1998ലാണ്. അന്ന് 2000 പേര്‍ മരിക്കുകയും 30ലക്ഷം വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച അണക്കെട്ടിന്‍റെ ഷട്ടറുകള് തുറന്നിരുന്നു.

ചൈനയില്‍ വെള്ളപ്പൊക്കം; മൂന്ന് കോടിയാളുകളെ ബാധിച്ചു, 142 പേരെ കാണാനില്ല

 എന്നാല്‍ ഇതുകൊണ്ടും വെള്ളപ്പൊക്കം കുറയ്ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് അണക്കെട്ട് തകര്‍ത്തത്. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ ശനിയാഴ്ചയോടെ ചോങ്ഗിംഗില്‍ മാത്രം മരിച്ചവരുടെ എണ്ണം 11 ആയിരുന്നു. 1031 വീടുകള്‍ നശിക്കുകയും 20000 ത്തില്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയുെ ചെയ്തിരുന്നു.