Asianet News MalayalamAsianet News Malayalam

വിമാന വേ​ഗതയിൽ പായുന്ന ട്രെയിനുകൾ, അമ്പരപ്പിച്ച് ചൈന, വേ​ഗതയിൽ പുതിയ റെക്കോർഡ്; പരീക്ഷണം വിജയമെന്ന് അവകാശവാദം

റെക്കോർഡ് വേ​ഗത കൈവരിക്കുക മാത്രമല്ല, അതിനൂതന സാങ്കേതിക വിദ്യകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും പരീക്ഷണ ഓട്ടത്തിൽ തെളിഞ്ഞു.

China claimed maglev train has surpassed its previous record of 623 kilometres prm
Author
First Published Feb 13, 2024, 6:46 PM IST

ബീജിങ്: അതിവേ​ഗ ട്രെയിനുകളുടെ വേ​ഗതയിൽ പുതിയ റെക്കോർഡ് തീർത്ത് ചൈന.  ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ (CASIC) രൂപകൽപന ചെയ്ത പുതിയ മാഗ്നെറ്റിക്കലി ലെവിറ്റേറ്റഡ് (മാഗ്ലെവ്) ട്രെയിൻ വേ​ഗതയിൽ റെക്കോർഡ് കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന പരീക്ഷണത്തിൽ മണിക്കൂറിൽ 623 കിലോമീറ്ററിലേറെ (മണിക്കൂറിൽ 387 മൈൽ) വേ​ഗത കൈവരിച്ചതായി അവകാശപ്പെട്ടു.  2 കിലോമീറ്റർ നീളമുള്ള വാക്വം ട്യൂബിലായിരുന്നു പരീക്ഷണയോട്ടം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ട്രെയിനിന്റെ വേ​ഗത ഒരു സുപ്രധാന മുന്നേറ്റമാണെന്ന് CASIC പറഞ്ഞു. അൾട്രാ ഫാസ്റ്റ് ഹൈപ്പർലൂപ്പ് ട്രെയിൻ വാക്വം ട്യൂബിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരത കൈവരിക്കുന്നത് ഇതാദ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

വിമാന വേ​ഗതയിലുള്ള ട്രെയിൻ യാഥാർഥ്യമാകുന്നതിന്റെ തൊട്ടടുത്താണ് ചൈനയെന്നും റിപ്പോർട്ടിൽ പറയുന്നു. മാഗ്ലെവ് സാങ്കേതികവിദ്യയിലൂടെ കാന്തികത ഉപയോഗിച്ചായിരിക്കും ട്രെയിൻ സഞ്ചരിക്കുക. ട്രാക്കുകൾക്ക് മുകളിലൂടെ ലെവിറ്റേറ്റ് ചെയ്തായിരിക്കും ഓടുക. അതുവഴി ഘർഷണം കുറയ്ക്കുകയും കൂടുതൽ വേ​ഗത കൈവരിക്കാൻ സാധിക്കുകയും ചെയ്യും. വായുവിന്റെ പ്രതിരോധം കുറയ്ക്കുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത ലോ-വാക്വം ട്യൂബിലൂടെയായിരിക്കും സഞ്ചാരം. 

റെക്കോർഡ് വേ​ഗത കൈവരിക്കുക മാത്രമല്ല, അതിനൂതന സാങ്കേതിക വിദ്യകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും പരീക്ഷണ ഓട്ടത്തിൽ തെളിഞ്ഞു.  മണിക്കൂറിൽ 1,000 കിലോമീറ്റർ വരെ വേ​ഗതയാർജിച്ച് വിമാന വേഗതയെ മറികടക്കാനാണ് ശ്രമം.  വളരെ രഹസ്യമായിട്ടാണ് പരീക്ഷണങ്ങൾ നടത്തുന്നതെന്ന് പദ്ധതിയുടെ ചീഫ് ഡിസൈനർ മാവോ കൈ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios