ബെയ്ജിം​ഗ്: ഡോക്ടർമാരെ സംരക്ഷിക്കാൻ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ചൈന. ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിൽ നിന്ന് സംഘടനകളേയും വ്യക്തികളേയും ഈ നിയമം വിലക്കുന്നുവെന്ന് ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം ജൂൺ 1 മുതലാണ് നിയമം പ്രാബല്യത്തിൽ വരുക.

പുതിയ നിയമപ്രകാരം, മെഡിക്കൽ ചുറ്റുപാടുകളെ ശല്യപ്പെടുത്തുന്ന, തൊഴിലാളികളുടെ സുരക്ഷയെയും അന്തസ്സിനെയും ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്ക് തടവ് ശിക്ഷയോ പിഴയോ ലഭിക്കും. നിയമവിരുദ്ധമായി ആളുകളുടെ സ്വകാര്യ ആരോഗ്യ പരിരക്ഷാ വിവരങ്ങൾ കൈക്കലാക്കുകയോ ഉപയോഗിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്താലും അവർക്ക് ശിക്ഷ ലഭിക്കും.

ഡിസംബർ 24 ന് ബെയ്ജിം​ഗ് സിവിൽ ഏവിയേഷൻ ജനറൽ ഹോസ്പിറ്റലിന്റെ എമർജൻസി വാർഡിൽ ജോലി ചെയ്യുകയായിരുന്ന വനിതാ ഡോക്ടർ യാങ് വെനിനെ ഒരാൾ കുത്തികൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ചൈന രം​ഗത്തെത്തിയിരിക്കുന്നത്. 

ഇതാദ്യമായല്ല ചൈനയിൽ മെഡിക്കൽ ജീവനക്കാർ അക്രമത്തിനിരയാകുന്നത്. ആരോഗ്യപരിപാലന വിദഗ്ധരുടെ ഓൺലൈൻ സൈറ്റായ ഡിങ്‌സിയാങ് യുവാൻ അടുത്തിടെ നടത്തിയ ഒരു സർവേയിൽ 85% ഡോക്ടർമാരും അവരുടെ ജോലിസ്ഥലത്ത് അക്രമത്തിന് ഇരയായതായി കണ്ടെത്തിയതായി ബിബിസിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.