അമേരിക്കയും ഇറാനും തമ്മിലുള്ള ഏതൊരു സമാധാന ധാരണയ്ക്കും ഗ്യാരണ്ടി നൽകാമെന്ന നിർദ്ദേശം ചൈന മുന്നോട്ടുവെച്ചതായി ഇറാനിലെ സ്ഥാനപതി വെളിപ്പെടുത്തി. പ്രസിഡന്റ് ട്രംപിന്റെ ചൈന സന്ദർശനത്തിന് മുന്നോടിയായുള്ള ഈ നീക്കം, പശ്ചിമേഷ്യൻ സംഘർഷത്തിൽ ചൈനയുടെ മധ്യസ്ഥതയ്ക്ക് വഴിവെച്ചേക്കാമെന്ന് സൂചിപ്പിക്കുന്നു
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന ഏതൊരു ധാരണയ്ക്കും ഗ്യാരണ്ടി നൽകാമെന്ന നിർദ്ദേശം ചൈന മുന്നോട്ടുവച്ചതായി സൂചന. ചൈനയിലെ ഇറാൻ സ്ഥാനപതിയാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെയ് 14 ന് ചൈന സന്ദർശിക്കാനിരിക്കെയാണ് ഇത്തരമൊരു സുപ്രധാന നീക്കമെന്നാണ് ഇറാൻ സ്ഥാനപതി അഭിപ്രായപ്പെട്ടത്. പശ്ചിമേഷ്യൻ വിഷയത്തിൽ തുടക്കം മുതൽ ഇറാനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്. ട്രംപിന്റെ ചൈനീസ് സന്ദർശനവേളയിൽ ഇറാൻ - അമേരിക്ക ചർച്ചകൾക്ക് ചൈന മധ്യസ്ഥത വഹിക്കാനും സമാധാന ഉടമ്പടികൾക്ക് ഉറപ്പുനൽകാനും സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

പശ്ചിമേഷ്യൻ യുദ്ധത്തിൽ ആശങ്ക ഒഴിയുന്നില്ല
അതേസമയം ഇറാൻ - അമേരിക്ക ചർച്ചകൾക്കുള്ള പുതിയ നിലപാട് ഇറാൻ അമേരിക്കയെ അറിയിച്ചെങ്കിലും ആശങ്കകൾ ശക്തമാണ്. മധ്യസ്ഥരായ പാക്കിസ്ഥാൻ വഴിയാണ് രേഖ കൈമാറിയത്. സംഘർഷങ്ങൾക്കിടയിലും നയതന്ത്ര വഴികൾ അടഞ്ഞിട്ടില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ പല തവണ അമേരിക്ക തള്ളിയതാണ് ഇറാൻ നിർദേശങ്ങൾ. ആണവ വിഷയം ആദ്യഘട്ടത്തിൽ തന്നെ ചർച്ച ചെയ്യാൻ ഇറാൻ തയാറാവുമോ എന്നതാണ് പുതിയ നിലപാടിൽ ഏറ്റവും പ്രധാന കാര്യം. ആദ്യം യുദ്ധം നിർത്തൽ, പിന്നെ ഹോർമൂസ് തുറക്കൽ, ഉപരോധങ്ങൾ നീക്കിയ ശേഷം പിന്നീട് ആണവ ചർച്ചയെന്നായിരുന്നു ഇറാൻ നേരത്തെ നൽകിയ നിലപാട്. കീഴടങ്ങലോ വിട്ടുവീഴ്ച്ചയോ ഉണ്ടാവില്ലെന്ന് ഇന്നും ഇറാൻ പ്രസിഡണ്ട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിർദ്ദേശങ്ങളോട് അമേരിക്ക എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം.
