Asianet News MalayalamAsianet News Malayalam

ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷം ചൈന 'പ്ലാന്‍' ചെയ്ത് നടപ്പിലാക്കിയത്; യുഎസ് റിപ്പോര്‍ട്ട്

യുഎസ് ചൈന ഇക്കോണമിക്ക് ആന്‍റ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍റെ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ ഉള്ളത്. ഡിസംബര്‍ ഒന്നിനാണ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്.

China planned Galwan Valley clash US commission says in report to Congress
Author
New York, First Published Dec 2, 2020, 5:28 PM IST

ദില്ലി: ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് ഇന്ത്യ അതിര്‍ത്തിയിലെ സംഘര്‍ഷം ചൈന മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ യുഎസ് കമ്മീഷന്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും, നിരവധി ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കരുടെ എണ്ണം ചൈന ഇതുവരെ പരസ്യമാക്കിയിട്ടില്ല.

യുഎസ് ചൈന ഇക്കോണമിക്ക് ആന്‍റ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍റെ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ ഉള്ളത്. ഡിസംബര്‍ ഒന്നിനാണ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. എട്ട് മാസത്തോളമായി ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ ഈ പതിറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ അതിര്‍ത്തി പ്രശ്നങ്ങളില്‍ ഒന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്. 

ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷം എന്ന തലക്കെട്ടില്‍ കഴിഞ്ഞ ജൂണ്‍ 15ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍‍ ആര്‍മിയും, ഇന്ത്യന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം ഉണ്ടായി എന്ന കാര്യത്തിലാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. റിപ്പോര്‍ട്ടിലെ ചില തെളിവുകള്‍ പ്രകാരം ഈ സംഘര്‍ഷം ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ചൈന ആസൂത്രണം ചെയ്തതാണെന്ന് പറയുന്നു. എന്തൊക്കെ തിരിച്ചടികള്‍ ലഭിക്കും എന്നതും ചെന കണക്കുകൂട്ടിയിരുന്നു. സ്ഥിരതയ്ക്ക് വേണ്ടി പോരാടാന്‍ ഈ സംഘര്‍ഷത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് ചൈനീസ് പ്രതിരോധ മന്ത്രി നടത്തിയ പ്രസ്താവനയടക്കം ഇതിന്‍റെ സൂചനയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

സംഘര്‍ഷത്തിന് തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ സംഘര്‍ഷം നടന്ന അതിര്‍ത്തിയിലേക്ക് വലിയതോതില്‍ ചൈന സൈനിക നീക്കം നടത്തിയത് ഉപഗ്രഹചിത്രങ്ങളില്‍ നിന്നും വ്യക്തമാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ ചൈനീസ് നേതാക്കളുടെ പ്രസ്താവനകളും ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളും ഇത്തരത്തില്‍ ഒരു സംഘര്‍‍ഷം മുന്‍കൂട്ടി കണ്ടുള്ള പ്രകോപനം നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. 

2000 മുതല്‍ എല്ലാ വര്‍ഷവും ഈ കമ്മീഷന്‍ യുഎസ് കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറുണ്ട്. ചൈനയുടെ കാര്യങ്ങള്‍ അമേരിക്കന്‍ സാമ്പത്തിക സുരക്ഷ വീക്ഷണ കോണില്‍ അന്വേഷിക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. ചൈനയ്ക്കെതിരായ വിദേശ നയതന്ത്ര കാര്യങ്ങള്‍ സ്വീകരിക്കുന്നതിന് അമേരിക്കന്‍ ജനപ്രതിനിധികള്‍ക്ക് ഇത്തരം റിപ്പോര്‍ട്ടുകളുടെ സഹായം അത്യവശ്യമാണ്. 

ഇന്ത്യ ചൈന ബന്ധത്തിന് പുറമേ തായ്വാനുമായുള്ള ചൈനീസ് ബന്ധവും. നയതന്ത്ര ബന്ധത്തിലെ ഉലച്ചിലും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം തന്നെ ചൈനയുടെ ഭാഗമായ ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങളുടെ അവസ്ഥയും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios