Asianet News MalayalamAsianet News Malayalam

ചൈനീസ് മെഡിക്കല്‍സംഘം ഉത്തരകൊറിയയിലേക്ക് തിരിച്ചെന്ന് റിപ്പോര്‍ട്ട്; കിമ്മിന്റെ ആരോഗ്യനിലയില്‍ വീണ്ടും അഭ്യൂഹം

കഴിഞ്ഞ ദിവസമാണ് കിം ജോങ് ഉന്‍ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
 

China sent medical team to North Korea; Report
Author
Beijing, First Published Apr 25, 2020, 4:52 PM IST

ബീജിംഗ്/സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സമീപത്തേക്ക് ചൈന മെഡിക്കല്‍ സംഘത്തെ അയച്ചതായി റിപ്പോര്‍ട്ട്. കിം ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും അടങ്ങുന്ന സംഘത്തെയാണ് ചൈന അയച്ചതെന്ന് ചൈനീസ് സര്‍ക്കാറുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഉത്തരകൊറിയയിലേക്ക് യാത്ര തിരിച്ചത്.

എന്നാല്‍, റോയിട്ടേഴ്‌സ് വാര്‍ത്തയോട് ചൈന പ്രതികരിച്ചിട്ടില്ല. ഉത്തരകൊറിയയുമായി ചൈനക്ക് സൗഹൃദ ബന്ധമുണ്ട്. കിമ്മിനെ തള്ളിപ്പറയാനോ എതിര്‍ക്കാനോ ഇതുവരെ ചൈന തയ്യാറായിട്ടില്ല. 

കഴിഞ്ഞ ദിവസമാണ് കിം ജോങ് ഉന്‍ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തരകൊറിയ രംഗത്തെത്തി. അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ചൈനീസ് മെഡിക്കല്‍ സംഘത്തിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനം വീണ്ടും അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതേസമയം, കിമ്മിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് അമേരിക്കന്‍ മാധ്യമമായ ഡെയ്‌ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്തു. കിം ഗുരുതരാവസ്ഥയിലാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തതും ഡെയ്‌ലി എന്‍കെയാണ്. 

കിമ്മിനെ ചതിച്ചത് പുകവലി, മദ്യപാനം, അമിത ഭക്ഷണം

കിം ജോങ് ഉന്നിന് വിനയായത് അമിതമായ പുകവലിയും മദ്യപാനവും ഭക്ഷണ ശീലവുമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിഗരറ്റിനോടും മദ്യത്തോടുമുള്ള കിമ്മിന്റെ പ്രിയം പലവട്ടം മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായതാണ്. അമിതമായി ചീസ് കഴിക്കുന്ന ശീലവും കിമ്മിനുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കിം ഇതെല്ലാം തുടര്‍ന്നെന്ന് പറയപ്പെടുന്നു. വിലകൂടിയ ഹെന്നസി ഫ്രഞ്ച് കോണ്യാക്ക്, റഷ്യന്‍ വോഡ്ക എന്നിവയാണ് കിമ്മിന്റെ ഇഷ്ടമദ്യം. സ്‌നേക് വൈനാണ് കിമ്മിന്റെ മറ്റൊരു ഇഷ്ട പാനീയം. നെല്ല് വാറ്റിയെടുത്ത വീഞ്ഞില്‍ പാമ്പിന്‍ വിഷം കലര്‍ത്തിയാണ് സ്‌നേക്ക് വൈന്‍ തയ്യാറാക്കുന്നത്. ഇത് സേവിച്ചാല്‍ ലൈംഗിക ശേഷി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. മാംസ ഭക്ഷണവും ഫാസ്റ്റ് ഫുഡും കിം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.
 

കിം ജോങ് ഉന്നിന്റെ തിരോധാനം, ഇനിയും ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങൾ

Follow Us:
Download App:
  • android
  • ios