സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗുർ വംശജർക്കെതിരെയുള്ള ചൈനീസ് ഗവണ്മെന്റിന്റെ അടിച്ചമർത്തലുകൾ ഏറെ കുപ്രസിദ്ധമാണല്ലോ. അത് ഇതിനോടകം തന്നെ ആഗോള ശ്രദ്ധയിലേക്ക് എത്തിച്ചേർന്നിട്ടുള്ളതും ആണ്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്, ചൈന തങ്ങളുടെ പരമാധികാരത്തിനു ചുവട്ടിൽ കഴിയുന്ന ഹൈനാൻ ദ്വീപിലെ ഉത്സുൽ എന്ന ന്യൂനപക്ഷ ഇസ്ലാമിക വിശ്വാസികൾക്കെതിരെ, അവരുടെ മതവിശ്വാസങ്ങളെ, ജീവിതചര്യകൾ നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ കർശനമായ നിരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ നിരീക്ഷണ നിയന്ത്രണ പരിപാടികൾ തിരിച്ചടിയാകും എന്നും, ഇപ്പോൾ ഏറെ സമാധാനപ്രിയരായി രാജ്യത്തെ നിയമങ്ങളും അനുസരിച്ചുകൊണ്ട് കഴിഞ്ഞു പോകുന്ന ഉത്സുൽ മുസ്ലിങ്ങളെ അനാവശ്യമായുള്ള ഈ നിയന്ത്രണങ്ങൾ തീവ്രവാദത്തിന്റെ വഴിയേ തിരിയാൻ പ്രേരിപ്പിച്ചേക്കും എന്നൊക്കെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

ചൈനയുടെ തെക്കേ മുനമ്പിലുള്ള ഒരു കൊച്ചു ദ്വീപാണ് ഹൈനാൻ. അവിടെ അധിവസിക്കുന്ന പതിനായിരത്തോളം വരുന്ന ഉത്സുൽ മുസ്ലീങ്ങളെ ആണ് ഇപ്പോൾ അകാരണമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊറുതിമുട്ടിക്കുന്ന തരത്തിലുള്ള നടപടികൾ ചൈനീസ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കർശനമായ സിസിടിവി നിരീക്ഷണങ്ങൾ, അറബി ലിപിയുടെ പൊതുപ്രദർശനത്തിനുള്ള നിരോധനം, പള്ളികളുടെ വലിപ്പത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എന്നിവയാണ് ചൈനീസ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഏറ്റവും പുതിയതായി ഉണ്ടായിരിക്കുന്നത്. 

ഈ മാസത്തിന്റെ തുടക്കത്തിലാണ്, ഇസ്ലാമിക മുഖാവരണമായ ഹിജാബിന് വിദ്യാലയങ്ങളിലും ഓഫീസുകളിലും വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഗവൺമെന്റിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. അത് വിദ്യാർത്ഥികളിൽ നിന്നും മറ്റുള്ള ഇസ്ലാമിക വിശ്വാസികളിൽ നിന്നും കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തി. ഹിജാബ് നിരോധനത്തിന് പുറമെ, ചൈനീസ് ഗവൺമെന്റ് കൊണ്ടുവന്നിരുന്ന മറ്റൊരു മാറ്റം, പള്ളിയുടെ മഹല്ല് കമ്മിറ്റിയിൽ ഒരു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗത്തെ നിർണായകമായ അധികാരങ്ങളോടെ തന്നെ പ്രതിഷ്ഠിക്കണം എന്നതാണ്. 

ഹോങ്കോങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന SCMP എന്ന പത്രമാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്. ഉത്സുൽ നിവാസികളെ കർശനമായി നിരീക്ഷിക്കുക എന്നത് ഇപ്പോൾ ചൈനീസ് സർക്കാർ അടിയന്തര പ്രാധാന്യമുള്ള വിഷയമായി കണക്കാണുന്നു എന്നാണ് പത്രം പറയുന്നത്. സർക്കാർ നടത്തുന്ന മറ്റൊരു പ്രധാനപ്പെട്ട പരിശോധന, പാർട്ടി അംഗങ്ങൾ ആരെങ്കിലും രഹസ്യമായി മതവിശ്വാസം കൊണ്ടുനടക്കുന്നുണ്ടോ എന്നതുകൂടിയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രാഥമികാംഗത്വം നേടാൻ വേണ്ട ആദ്യത്തെ യോഗ്യത ഒരു തികഞ്ഞ നാസ്തികൻ ആയിരിക്കണം എന്നതാണ്. ഇതേ നാസ്തികനാണെന്നു പരസ്യമായി പറയുന്ന പാർട്ടി അംഗത്തെ തന്നെയാണ് പള്ളിയുടെ മഹല്ല് കമ്മിറ്റി അംഗമാക്കി, പള്ളിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ കാര്യത്തിൽ നിർണായകമായ അധികാരങ്ങളോടെ പ്രതിഷ്ഠിക്കേണ്ടത് എന്നതുകൂടിയാണ് ഉത്സുൽ മുസ്ലീങ്ങളെ കുപിതരാക്കിയിരിക്കുന്നത്. 

ഹൈനാൻ ദ്വീപിലെ സാന്യാ എന്ന പ്രദേശത്ത് കഴിഞ്ഞുകൂടുന്ന ഉത്സുൽ മുസ്ലീങ്ങൾ ഇന്നുവരെ യാതൊരുവിധത്തിലുള്ള വിഘടനവാദവും കൊണ്ട് മുന്നോട്ടു വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഇപ്പോൾ ചൈനീസ് ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന ഈ പ്രകോപനപരമായ നടപടി തികച്ചും അനാവശ്യമാണ് എന്നാണ് നയതന്ത്രജ്ഞർ ഒരേസ്വരത്തിൽ പറയുന്നത്. ഇത്തരത്തിൽ ഉത്സുൽ മുസ്ലീങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള, അവരുടെ സ്വൈരജീവിതത്തിന് അലോസരമുണ്ടാക്കും വിധത്തിലുള്ള നിയന്ത്രണങ്ങൾക്ക് സർക്കാർ ഇതുവരെ വ്യക്തമായ ഒരു കാരണവും ബോധിപ്പിച്ചിട്ടില്ല. എന്നാൽ, പ്രസിഡന്റ് ഷി ജിൻ പിങ് അധികാരത്തിലേറിയ ശേഷം മതവിശ്വാസികൾക്ക് നേരെ ഉയർത്തിക്കൊണ്ടുവരുന്ന അകാരണമായ സംശയങ്ങളാണ് ഇത്തരത്തിലുള്ള പ്രതികാര നടപടികൾക്കും, നിയന്ത്രണങ്ങൾക്കും ഒക്കെ കാരണമെന്ന് ഉത്സുൽ മുസ്ലീങ്ങൾ അടക്കം പറയുന്നുണ്ട്. 

രാജ്യത്തെ ജനങ്ങൾക്കിടയിൽ ഐക്യമുണ്ടാകണം എന്നും, അതിനായി എല്ലാവരും ഒരൊറ്റ സംസ്കാരം, ഒരൊറ്റ വിശ്വാസം, ഒരൊറ്റ പാർട്ടി പ്രത്യയശാസ്ത്രം ഒക്കെ പിന്തുടരണം എന്നാണ് ബെയ്ജിങ് ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ ഒരു മതവിഭാഗത്തോട് മാത്രമായി കാണിക്കുന്ന വിവേചനപരമായ നടപടികൾ പൊതുവെ സമാധാനപ്രിയരായ ഉത്സുൽ ജനതക്കിടയിൽ ചൈനീസ് വിരുദ്ധ തരംഗം ഉടലെടുക്കാൻ കാരണമാകും എന്നും വിദഗ്ധർ പ്രവചിക്കുന്നു.