ഹോങ്കോങ്: ഹോങ്കോങ്ങില്‍ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ചൈന. പ്രക്ഷോഭകാരികളെ ഭീകരരെന്ന് വിശേഷിപ്പിച്ച ചൈന, സൈനിക നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. സംയമനത്തിന്‍റെ ഭാഷയില്‍ ഇനി മുന്നോട്ടുപോകാനാകില്ലെന്നും ചൈന വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികള്‍ വിമാനത്താവളത്തിലെത്തിയതിനെ തുടര്‍ന്ന് സര്‍വിസുകള്‍ റദ്ദാക്കേണ്ടി വന്നതോടെയാണ് ചൈന സ്വരം കടുപ്പിച്ചത്.

സൈനിക നടപടികള്‍ക്ക് മുന്നോടിയായി ഷെന്‍സന്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ അര്‍ധസൈനിക വിഭാഗത്തെ രംഗത്തിറക്കി. ഹോങ്കോങ്ങില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ അമേരിക്കക്ക് പങ്കുണ്ടെന്നാണ് ചൈനയുടെ ആരോപണം. സൈനിക വിന്യാസം ആശങ്കാജനകമാണെന്ന് യുഎസ് വ്യക്തമാക്കി. പ്രക്ഷോഭകരോട് ജനാധിപത്യപരമായ രീതിയില്‍ ഇടപെടണമെന്നാണ് യുഎസ് ആവശ്യം.

എന്നാല്‍, ആയുധങ്ങളുമേന്തിയാണ് പ്രക്ഷോഭകര്‍ എത്തുന്നതെന്ന് ചൈന പ്രതികരിച്ചു. വിമാനത്താവളം ഉപരോധിച്ചതില്‍ സങ്കടമുണ്ടെന്ന് പ്രക്ഷോഭക്കാര്‍ പറഞ്ഞു. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് അത്തരം സമരമാര്‍ഗങ്ങള്‍ സ്വീകരിച്ചതെന്നും സമരക്കാര്‍ വ്യക്തമാക്കി. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ ചൈനയില്‍ വിചാരണ ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് ഹോങ്കോങ്ങില്‍ പ്രക്ഷോഭം ആരംഭിച്ചത്.