ഇന്റർനെറ്റ് വിലക്കിനെ തുടർന്ന് രാജ്യത്ത് ആശയവിനിമയ സൗകര്യങ്ങൾ പരിമിതപ്പെട്ടിരിക്കുന്നതിനിടെയാണ് ഉപഗ്രഹങ്ങളെയും ലക്ഷ്യമിട്ട് നീക്കം തുടങ്ങിയത്. സ്റ്റാർലിങ്ക് ഉപയോഗിച്ചാൽ തുറങ്കിലടക്കുമെന്നാണ് ഭീഷണി.
ടെഹ്‌റാൻ: അയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ പ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോൾ പ്രക്ഷോഭകരെ അടിച്ചൊതുക്കാൻ സകല വഴിയും പയറ്റുകയാണ് ഇറാൻ. ഇറാനിലെമ്പാടും ഇന്‍റർനെറ്റും മൊബൈൽ സേവനങ്ങളും വിച്ഛേദിച്ചതിന് പിന്നാലെ സ്റ്റാർലിങ്ക് ഉപയോഗം നിരോധിച്ച് പുതിയ അടവുമായി ഇറാൻ ഭരണകൂടം രംഗത്തെത്തി. പ്രക്ഷോഭകരുടെ ആശയവിനിമയ മാർഗങ്ങൾ തകർക്കാൻ ഉപഗ്രഹ സിഗ്നലുകളെപ്പോലും തടസ്സപ്പെടുത്താൻ തുടങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇറാൻ തടസ്സപ്പെടുത്തിയെന്നാണ് വിവരം.
ഇന്റർനെറ്റ് വിലക്കിനെ തുടർന്ന് രാജ്യത്ത് ആശയവിനിമയ സൗകര്യങ്ങൾ പരിമിതപ്പെട്ടിരിക്കുന്നതിനിടെയാണ് ഉപഗ്രഹങ്ങളെയും ലക്ഷ്യമിട്ട് നീക്കം തുടങ്ങിയത്. സ്റ്റാർലിങ്ക് ഉപയോഗിച്ചാൽ തുറങ്കിലടക്കുമെന്നാണ് ഭീഷണി. വ്യോമമേഖലയിൽ ഉപഗ്രഹ സിഗ്നലുകളെ തടസ്സപ്പെടുത്തുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഇറാൻ സ്റ്റാർലിങ്ക് സിഗ്നലുകൾ തടയുന്നത്. പ്രക്ഷോഭകരെ ലോകത്തിന്റെ മറ്റിടങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനും പുറത്ത് നിന്നുള്ള സഹായങ്ങൾ തടയാനുമാണ് ഇറാന്‍റെ ശ്രമം. സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത് ഇറാനിൽ ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചാരപ്രവർത്തനമായി കണക്കാക്കിയാൽ വധശിക്ഷ വരെ ലഭിക്കാമെന്നും, ഇതിനായി ഇറാൻ തീരുമാനമെടുത്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ ഇറാനിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. രാജ്യത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത 10600 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ൽ നടന്ന പ്രക്ഷോഭ സമയത്ത് പിടിയിലായവരുടെ കണക്കുകൾ ഈ സംഘടന കൃത്യമായി പുറത്തുവിട്ടിരുന്നു.


