ബെയ്ജിംഗ്: കൊറോണ വൈറസ് പടരുന്നത് തടയാന്‍ നിര്‍ദേശിച്ച ക്വാറന്‍റൈന്‍ ചട്ടങ്ങള്‍ മറികടന്ന യുവതിയ്ക്കെതിരെ കര്‍ശന നടപടിയുമായി ചൈന. ക്വാറന്‍റൈന്‍ ചട്ടങ്ങള്‍ തെറ്റിച്ച് ജോഗിംങിന് പോയ യുവതിയുടെ ജോലി പോയി. യുവതിയോട് എത്രയും പെട്ടന്ന് നാടുവിടാനും ചൈന നിര്‍ദേശം നല്‍കി. ചൈനീസ് ഓസ്ട്രേലിയന്‍ യുവതിക്കെതിരെയാണ് നടപടി. 

ചൈനീസ് മാധ്യമ പ്രവര്‍ത്തകയാണ് ഇവര്‍ ആരോഗ്യപ്രവര്‍ത്തകരോട് ജോഗിംങിന്  പോയി വന്ന ശേഷം തര്‍ക്കിക്കുന്ന വീഡിയോയും തുടര്‍ സംഭവങ്ങളും ട്വീറ്റ് ചെയ്തത്. വിദേശത്ത് നിന്ന് വന്ന യുവതി സ്വയം ക്വാറന്റൈന്‍ ചെയ്യാതെ  മാസ്ക് ധരിക്കാതെ പുറത്ത് പോയതാണ് കടുത്ത നടപടികള്‍ക്ക് കാരണം. തനിക്ക് ഓടാന്‍ പോകണം, വര്‍ക്ക് ഔട്ട് ചെയ്യണം. താന്‍ അസുഖം വന്ന് വയ്യാതായാല്‍ നിങ്ങള്‍ വന്ന് നോക്കുമോയെന്ന് ജോഗിംങ് കഴിഞ്ഞ് വന്ന യുവതി ആരോഗ്യപ്രവര്‍ത്തകരോട് തട്ടിക്കയറുന്നുണ്ട്. 

ഇതിന് പിന്നാലെയാണ് യുവതിയുടെ അപാര്‍ട്ട് മെന്‍റില്‍ പൊലീസ് എത്തിയത്. മാസ്ക് ധരിച്ച് യൂണിഫോമില്‍ എത്തിയ ഉദ്യോഗസ്ഥര്‍ യുവതിയോട് ക്വാറന്‍റൈന്‍ ചെയ്യേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ച് പറയുന്നു. ഓസ്ട്രേലിയന്‍ പാസ് പോര്‍ട്ട് കൈവശമുള്ള യുവതിയോട് വിദേശിയാണെങ്കിലും സ്വദേശിയാണെങ്കിലും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കുന്നുണ്ട്. ഇത് നിങ്ങളേയും മറ്റുള്ളവരേയും സുരക്ഷിതരാക്കാനാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

 

ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ ബേയറിലാണ് യുവതി ജോലി ചെയ്തിരുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ യുവതിയെ ജോലിയില്‍ നിന്ന് നീക്കിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. സെപ്തംബര്‍ വരെ കാലാവധിയുള്ള യുവതിയുടെ വര്‍ക്ക് വിസ റദ്ദാക്കിയെന്നും ഉടന്‍ രാജ്യം വിടണമെന്നും നിര്‍ദേശിച്ചതായും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 14നാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ ഇവര്‍ ബെയ്ജിംഗില്‍ എത്തിയത്. അതേസമയം, വിഡിയോ വൈറലായതിനെത്തുടർന്ന് യുവതിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണു വിവിധ കോണുകളിൽനിന്ന് ഉയർന്നുവരുന്നത്.