പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ പ്രധാനമന്ത്രി പദം സംരക്ഷിക്കാനാണ് ചൈനീസ് നേപ്പാള്‍ സ്ഥാനപതി യോ ആന്‍ ഹി കൂടികാഴ്ച നടത്തിയത് എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

കഠ്മണ്ഡു: നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിഷയത്തില്‍ ചൈനീസ് ഇടപെടല്‍. ,പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യപെട്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ മുതിര്‍ന്ന നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാവ് ജ്വലനാഥ് കാനലുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ പ്രധാനമന്ത്രി പദം സംരക്ഷിക്കാനാണ് ചൈനീസ് നേപ്പാള്‍ സ്ഥാനപതി യോ ആന്‍ ഹി കൂടികാഴ്ച നടത്തിയത് എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ സ്ഥാനപതിയുടെ എന്‍സിപി നേതാവുമായുള്ള കൂടികാഴ്ചയെ ന്യായീകരിച്ച് നേപ്പാളിലെ ചൈനീസ് എംബസി തന്നെ രംഗത്ത് എത്തി.

കാഠ്മണ്ഡു പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് എംബസി വക്താവ് ഈ കൂടികാഴ്ച സംബന്ധിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്, ചൈന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ ആഗ്രഹിക്കുന്നില്ല. അതിന്‍റെ നേതാക്കള്‍ എല്ലാം വിവിധ അഭിപ്രായങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് നില്‍ക്കണം.

അതേ സമയം നേപ്പാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്,പ്രധാനമന്ത്രി രാജിവെയ്ക്കണം എന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നതോടെ പ്രതിരോധത്തിലായ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി ഇപ്പോള്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ പിളര്‍ത്തുന്നതിനുള്ള നീക്കമാണ് നടത്തുന്നത്.

നേപ്പാള്‍ പ്രസിഡന്റ്‌ ബിദ്യ ദേവി ഭാണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നിലവിലെ സാഹചര്യം പ്രസിഡന്റിനെ ബോധ്യപെടുത്തിയതായാണ് വിവരം. പാര്‍ട്ടി പിളര്‍ത്തുന്ന സാഹചര്യം ഉണ്ടായാല്‍ പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാള്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ഉറപ്പ് വരുത്തുന്നതിനും ഒലി ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. അതിനിടെയാണ് ഒലിയെ നിലനിര്‍ത്താന്‍ ജ്വലനാഥ് കാനലു ചൈനീസ് സ്ഥാനപതിയുമായി കൂടികാഴ്ച നടത്തിയത്.