ബീജിംഗ്:  ഗാര്‍ഹിക പീഡനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളിത്തിയിരിക്കുകയാണ് ചൈനയില്‍ നിന്ന് പുറത്തെത്തിയിരിക്കുന്ന വീഡിയോ. തെരുവില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഒരാള്‍ തന്റെ ഭാര്യയെ അടിച്ചുകൊല്ലുന്നതാണ് ഇത്. ആരും ഒന്നും പ്രതികരിക്കാതെ നോക്കി നിന്നതും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച പകലാണ് കൊലപാതകം നടന്നതെങ്കിലും ഞായറാഴ്ചയാണ് കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതുവരെ ലക്ഷക്കണക്കിന് പേര്‍ ഇതുകണ്ടു, ഞെട്ടലോടെ പ്രതികരിച്ചു. 

ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ ഒരു വാഹനത്തില്‍ ഇടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നത് ആ തെരുവിലെ മുഴുവന്‍ ജനങ്ങളും നോക്കി നില്‍ക്കെയായിരുന്നു. ''അയാളുടെ കൈയ്യില്‍ മെഷീന്‍ ഗണ്‍ ഒന്നും ഉണ്ടായിരുന്നില്ല, എന്നിട്ടും ആരും എന്തേ അയാളെ തടയാന്‍ മുന്നോട്ടുവന്നില്ല ? '' എന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ചോദ്യം വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. 2015ലാണ് ഗാര്‍ഹിക പീഡനം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ട് ചൈന പ്രത്യേക നിയമം പാസാക്കിയത്. കുടുംബത്തിനുള്ളിലെ ആക്രമണങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്.