ചൈന: ലോകത്തെമ്പാടുമുളള ആളുകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയാണ് കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊറോണ ബാധയെക്കുറിച്ച് യാഥാർത്ഥ്യ വിരുദ്ധമായ വാർത്തകളും പ്രചരിക്കുന്നുണ്ട്. വളർത്തുമൃ​ഗങ്ങളിൽ നിന്ന് കൊറോണ വൈറസ് ബാധ ഉണ്ടാകുമെന്ന വ്യാജവാർത്ത പ്രചരിച്ചതിനെ തുടർന്ന് ഓമനമൃ​ഗങ്ങളെയെല്ലാം കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുകയാണ് ഒരു കൂട്ടം ചൈനക്കാർ. ചൈനയിലെ തെരുവുകളിൽ ചത്തുകിടക്കുന്ന നായകളുടെയും പൂച്ചകളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.  

ഇത്തരത്തിലുള്ള നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. മൃ​ഗങ്ങൾ ചത്തുകിടക്കുന്ന ചിത്രങ്ങളും പലരും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പ്രവർത്തിക്കെതിരം രം​ഗത്ത് വന്നിട്ടുള്ളത്. കൊറോണ വൈറസ് വളർത്തുമൃ​ഗങ്ങളിലൂടെ പകരുമെന്ന് ഓദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രചരിക്കുന്നത് വ്യാജവാർത്തകളാണ്. ദയവുചെയ്ത് ഓമനമൃ​ഗങ്ങളെ കൊല്ലാതിരിക്കൂ. വളരെ ക്രൂരമായ പ്രവർത്തിയാണിത്. ചിത്രത്തിനെക്കുറിച്ച് ട്വിറ്ററിൽ  ഒരാൾ കുറിച്ചിരിക്കുന്നു. എല്ലാ ചിത്രങ്ങൾക്കും കരയുന്ന സ്മൈലിയാണ് എല്ലാവരും നൽകിയിരിക്കുന്നത്. 

ഈ സംഭവത്തിൽ മൃ​ഗസ്നേഹികളും സംഘടനകളും ഇടപെടണമെന്നാണ് ചിലരുടെ അഭിപ്രായം. മൃ​ഗസംരക്ഷണത്തെ കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതുണ്ട്. സ്വയം രക്ഷിക്കാൻ വേണ്ടി മൃ​ഗങ്ങളെ കൊന്നുതള്ളുന്നത് ന്യായീകരിക്കാൻ സാധിക്കില്ല. സ്വാർത്ഥതയാണിത്. മറ്റൊരു വ്യക്തി ട്വീറ്റ് ചെയ്യുന്നു. അതേസമയം കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരണമടഞ്ഞവരുടെ എണ്ണം 361 ആണെന്ന് ചൈനീസ് ആരോ​ഗ്യ വകുപ്പ് വെളിപ്പെടുത്തുന്നു. രോ​ഗം ബാധിച്ചവരുടെ എണ്ണം 17205 ആണ്.