ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ പ്രകാരം കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ പൂജ്യമാക്കും. നാല് ലക്ഷം കോടി രൂപയുടെ കയറ്റുമതിക്ക് ഇത് ഗുണകരമാകും.

വാഷിങ്ടണ്‍: ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ഉത്പന്നങ്ങൾക്ക് അമേരിക്ക തീരുവ പൂജ്യമാക്കും. നാല് ലക്ഷം കോടി രൂപയുടെ കയറ്റുമതി പൂജ്യം തീരുവ പ്രകാരമാകും. പ്രധാന കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ സംരക്ഷണം നൽകും. അരി, ഗോതമ്പ്, ചോളം, ധാന്യം, ജനിതക വിളകൾ, സോയ, ഇറച്ചി തുടങ്ങിയവയ്ക്ക് സംരക്ഷണം നൽകുമെന്ന് സൂചന. സംയുക്ത പ്രസ്താവന വന്ന് രണ്ടു ദിവസത്തിൽ 25 ശതമാനം പിഴ തീരുവ പിൻവലിക്കും. ടെക്സ്റ്‌റൈൽസ് അടക്കം പ്രധാന മേഖലകളിൽ തീരുവ 18 ശതമാനമായി ഉടൻ കുറയ്ക്കും.

ഇന്ത്യ - യുഎസ് വ്യാപാര കരാർ; കൂടുതൽ വിവരങ്ങൾ പുറത്ത്

ഇരു രാജ്യങ്ങൾക്കും ഗുണകരമാകുന്ന മികച്ച കരാറെന്ന് അമേരിക്ക പ്രതികരിച്ചു. കരാറിന്‍റെ വിശദ രേഖ അവസാന ഘട്ടത്തിലെന്ന് യുഎസ് വ്യാപാര പ്രതിനിധി അംബാസഡർ ജേമിസൺ ഗ്രിയർ പറഞ്ഞു. വൈറ്റ് ഹൌസ് എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കും. ഇന്ത്യ - അമേരിക്ക സംയുക്ത പ്രസ്താവനയും ഉടനുണ്ടാകും. ഇന്ത്യക്കെതിരെ 18 ശതമാനം തീരുവ ചുമത്തുന്നത് നിലവിലെ 55 ബില്യൺ ഡോളർ വ്യാപാര കമ്മി കുറയ്ക്കാനെന്നും ജേമിസൺ ഗ്രിയർ പറഞ്ഞു.

അമേരിക്കൻ വ്യവസായ ഉല്പന്നങ്ങൾക്ക് ഇന്ത്യ തീരുവ പൂർണമായി ഒഴിവാക്കും. പഴങ്ങൾ, പച്ചക്കറി, വൈൻ, മദ്യം എന്നിവക്കും ഇന്ത്യയുടെ തീരുവ പൂജ്യമാകും. ഇന്ത്യയുടെ സംരക്ഷിത കൃഷി മേഖലയിലേക്ക് കൂടുതൽ പ്രവേശനം നേടാന്‍ അമേരിക്ക തുടർന്നും ശ്രമിക്കുമെന്ന് ഗ്രിയർ പറഞ്ഞു. ഇന്ത്യ - യുഎസ് വ്യാപാരത്തിലെ പല സാങ്കേതിക തടസ്സങ്ങളും നീക്കും. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ നിലവാരം അംഗീകരിക്കാൻ പുതിയ പ്രക്രിയ നിലവിൽ വരും.

എസ് ജയശങ്കർ വാഷിങ്ടണിൽ

വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ വാഷിങ്ടണിൽ എത്തി. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്‌തു. കരാർ പ്രകാരം ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18% ആയി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന്റെ ഭാഗമാണിത്. ഇന്ത്യ അമേരിക്ക ബന്ധം ഊർജ്ജിതപ്പെടുത്താനുള്ള നടപടികൾ മുന്നോട്ട് കൊണ്ടു പോകുമെന്ന് ഇരുനേതാക്കളും വിശദമാക്കി. വാഷിംഗ്ടണിൽ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റുമായും എസ് ജയശങ്കർ ചർച്ചകൾ നടത്തി. ഇന്ത്യ യുഎസ് വ്യാപാര കരാറും, സാമ്പത്തിക സഹകരണവുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ ചർച്ചയെ തുടർന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ച ഇന്ത്യ - യുഎസ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ വാഷിംഗ്ടൺ സമ്മതിച്ചിട്ടുണ്ട്. ഇത് ഉടനടി പ്രാബല്യത്തിൽ വരും. പ്രഖ്യാപനത്തിന് പിന്നാലെ, ജയശങ്കർ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു. ഈ കരാർ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുമെന്നും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇന്ത്യയുടെ പ്രധാന സംരംഭമായ 'മേക്ക് ഇൻ ഇന്ത്യ'യെ ശക്തിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.