ബെയ്‍ജിങ്: ചൈനയിൽ കൊവിഡ്‌ 19 വീണ്ടും വന്നേക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ലോകമെങ്ങും രോഗം പടരുന്നതിനാൽ കൊവിഡിന്റെ രണ്ടാം വരവ് ചൈനയിൽ ഉണ്ടായേക്കാം എന്നാണ് മുന്നറിയിപ്പ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ്ബ്യുറോ സ്റ്റാന്റിംഗ് കമ്മിറ്റിയിലാണ് ഷി ജിൻപിങിന്റെ പ്രസ്താവന. അതേസമയം, ആമസോൺ മേഖലയിലെ ഗോത്രവിഭാഗങ്ങളിൽ കൊവിഡ് പടരുന്നതായി ബ്രസീൽ ആരോഗ്യ മന്ത്രാലയം വെളിപെടുത്തി. ലോകത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം തൊണ്ണൂറായിരത്തിലേക്ക് നീങ്ങുകയാണ്. രോഗികളുടെ എണ്ണം പതിനഞ്ച്‌ ലക്ഷം കടന്നു.

ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ്ബ്യുറോ സ്റ്റാന്റിംഗ് കമ്മിറ്റിയിലാണ് ചൈനയിൽ കൊവിഡ് വീണ്ടും പടർന്നു പിടിച്ചെക്കുമെന്ന പ്രസിഡന്റ് ഷി ജിൻപിങിന്റെ മുന്നറിയിപ്പ്. ലോകമെങ്ങും രോഗം പടരുന്നതിനാൽ കൊവിഡിന്റെ രണ്ടാം വരവ് ചൈനയിൽ ഉണ്ടായേക്കാം. സാമ്പത്തിക മേഖലയിൽ ഉണ്ടാകാൻ പോകുന്ന ആഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും ചൈനീസ് പ്രസിഡന്റ് പാർട്ടി നേതാക്കൾക്ക് നൽകി. 

ചൈനയ്‍ക്ക് പൂര്‍ണമായി ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്‍ധര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2019 ഡിസംബറില്‍ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയ മധ്യചൈനയിലെ വുഹാനില്‍ ഉള്‍പ്പെടെ ലക്ഷണങ്ങളില്ലാത്തവര്‍ക്കും വിദേശത്ത് നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ തുടങ്ങിയതോടെയാണ് ചൈനയില്‍ രണ്ടാം ഘട്ട വ്യാപനമുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നത്. എന്നാല്‍, മരണം റിപ്പോർട്ട് ചെയ്യാതെ ഒരുദിവസം കടന്നുപോയതോടെ വുഹാൻ പ്രവിശ്യയിൽ ഏർപ്പെടുത്തിയിരുന്ന അടച്ചിടൽ പൂർണമായും നീക്കി.

Also Read: മരണം മുന്നില്‍ കണ്ട 76 രാപ്പകലുകള്‍ക്ക് അവസാനം; വുഹാന്‍ നഗരം വീണ്ടും തുറന്നു

അതേസമയം, ആമസോണിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ കൊവിഡ്‌ സ്ഥിരീകരിച്ചത് ലോകത്തെ ഞെട്ടിച്ചു. പുറംലോകവുമായി ബന്ധമില്ലാത്തവർ എന്ന് കരുതപ്പെടുന്ന ഗോത്ര വിഭാഗങ്ങളിൽപ്പെട്ട ഏഴ് പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇവർക്ക് എങ്ങനെ രോഗബാധ ഉണ്ടായെന്നത് അറിയാൻ അന്വേഷണം തുടരുകയാണ്. കുറഞ്ഞ അംഗസംഖ്യ മാത്രമുള്ള ഗോത്രവിഭാഗങ്ങളിൽ കൊവിഡ്‌ പടരുന്നത് ചില ഗോത്രവംശങ്ങൾ ഇല്ലാതാകാൻ തന്നെ കാരണമായേക്കും എന്നാണ് ആശങ്ക. 

കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യാനുള്ള പ്രത്യേക ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗം ഇന്ത്യൻ സമയം നാളെ പുലർച്ചെ ഒന്നരയോടെ തുടങ്ങും. വീഡിയോ കോൺഫറൻസ് വഴിയാണ് വൻ ശക്തി രാജ്യങ്ങൾ അടക്കം 15 രാഷ്ട്രങ്ങൾ കൊവിഡ് ചർച്ചക്കായി ഒന്നിക്കുന്നത്. ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച പതിനഞ്ച് ലക്ഷം പേരിൽ പത്ത് ലക്ഷവും അമേരിക്ക, ഇറ്റലി, സ്‌പെയിൻ, ജർമനി, ഫ്രാൻസ്, എന്നീ അഞ്ച് രാജ്യങ്ങളിലാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ അഭയാർത്ഥികളെയും കുടിയേറ്റ തൊഴിലാളികളെയും സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു. 

Also Read: ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി ഇന്ന് കൊവിഡ് വ്യാപനം ചർച്ച ചെയ്യും: ചൈന പ്രതിരോധത്തിൽ ?

കൊവിഡ് രോഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചു. ഡബ്ല്യുഎച്ച്ഒ ചൈനയോട് പക്ഷപാതം കാട്ടുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം. വർണ വംശ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളോടും ചേർന്ന് നിൽക്കാനാണ് ലോകാരോഗ്യ സംഘടന ശ്രമിക്കുന്നതെന്നും വിവാദങ്ങൾ ഒഴിവാക്കണമെന്നും  ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്‌റോസ്‌ അധാനോം പറഞ്ഞു. 

അതേസമയം, കൊവിഡ് പ്രതിരോധത്തിനുള്ള പരീക്ഷണ വാക്സിന്റെ രണ്ടാം ഘട്ട ട്രയൽ അമേരിക്കയിൽ തുടങ്ങി. ഇനോവിയോ കമ്പനി വികസിപ്പിച്ച തൊലിക്കടിയിൽ കുത്തിവെക്കുന്ന പുതിയ വാക്സിനാണ് വോളന്റിയർമാരിൽ പരീക്ഷിച്ചത്. വാക്സിൻ വിജയമോ എന്നറിയാൻ ഒരു മാസം കാത്തിരിക്കണം.