ഉത്തരകൊറിയയുടെ ആണവ പദ്ധതികളെ ജാഗ്രതയോടെയാണ് ചൈന കാണുന്നത്. മേഖലയില്‍ അമേരിക്കയുടെ ശ്രദ്ധ വര്‍ദ്ധിക്കാനും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരകൊറിയയില്‍ അസ്ഥിരത ഉണ്ടാവാനും ഇത് കാരണമാവുമെന്നാണ് ചൈനയുടെ ആശങ്ക.

 യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ കാണുന്നു. അടുത്ത തിങ്കളാഴ്ചയാണ് ഷി ജിന്‍പിങ് ഉത്തര കൊറിയയില്‍ എത്തുന്നത്. ചൊവ്വാഴ്ച മടങ്ങും. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് രണ്ട് രാജ്യങ്ങളുടെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2019 -ന് ശേഷം ഷി നടത്തുന്ന ആദ്യ ഉത്തരകൊറിയന്‍ സന്ദര്‍ശനമാണിത്. ഷിയും കിമ്മും അവസാനമായി കണ്ടത് കഴിഞ്ഞ സെപ്റ്റംബറിലാണ്. അന്ന് ബീജിങ്ങില്‍ നടന്ന സൈനിക പരേഡില്‍ ഉത്തരകൊറിയന്‍ നേതാവ് വിശിഷ്ട അതിഥിയായിരുന്നു. ആ പരേഡില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പങ്കെടുത്തിരുന്നു.

ഈ വര്‍ഷത്തെ ഷിയുടെ ആദ്യ വിദേശയാത്ര കൂടിയാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപ്പറേഷന്റെ വാര്‍ഷിക ഉച്ചകോടിക്കായി ദക്ഷിണ കൊറിയയിലേക്ക് നടത്തിയ യാത്രയായിരുന്നു ഷിയുടെ അവസാന വിദേശ സന്ദര്‍ശനം. അന്ന് ഷി ട്രംപുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ട്രംപിന്റെ രണ്ടാം വരവിനും ഇറാന്‍ യുദ്ധത്തിനും ശേഷമുള്ള പുതിയ ലോകസാഹചര്യങ്ങളില്‍ ചൈനയുടെ രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിച്ചതായാണ് നയതന്ത്ര നിരീക്ഷകര്‍ കരുതുന്നത്. വിദേശ നേതാക്കള്‍ തുടര്‍ച്ചയായി ചൈന സന്ദര്‍ശിക്കുകയാണിപ്പോള്‍. 2026-ല്‍ മാത്രം 17 ലോക നേതാക്കള്‍ ബീജിംഗിലെത്തി. ഈ ആഴ്ച ലാഓസ് പ്രസിഡന്റ് ചൈനയില്‍ എത്തുന്നുണ്ട്.

ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് കിമ്മുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരകൊറിയന്‍ ആണവ പദ്ധതി നിര്‍ത്തലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്, എന്നാല്‍ ചര്‍ച്ചകള്‍ അലസിപ്പോവുകയും കിം ആണവപദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇപ്പോള്‍, അന്താരാഷ്ട്ര ഉപരോധങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഉത്തരകൊറിയ തങ്ങളുടെ ആണവായുധ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്.

ഉത്തരകൊറിയയുമായി നയതന്ത്രം പുനരാരംഭിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ട്രംപ് ഈയിടെയും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം നടത്തിയ ചൈന സന്ദര്‍ശനത്തിനിടെ ഷിയും ട്രംപും കൊറിയന്‍ ഉപദ്വീപിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഉത്തരകൊറിയയെ ആണവമുക്തമാക്കുക എന്നത് ഇരു നേതാക്കളുടെയും പൊതുവായ ലക്ഷ്യമാണെന്നാണ് അന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞത്.

ഉത്തരകൊറിയയുടെ ആണവ പദ്ധതികളെ ജാഗ്രതയോടെയാണ് ചൈന കാണുന്നത്. മേഖലയില്‍ അമേരിക്കയുടെ ശ്രദ്ധ വര്‍ദ്ധിക്കാനും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരകൊറിയയില്‍ അസ്ഥിരത ഉണ്ടാവാനും ഇത് കാരണമാവുമെന്നാണ് ചൈനയുടെ ആശങ്ക.