വുഹാന്‍: കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ബന്ധം കൊട്ടിയടച്ചതോടെ ചൈനയിലെ വഹാന്‍ ഒറ്റപ്പെട്ടിരുന്നു. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. ഒറ്റപ്പെട്ട വുഹാനെക്കുറിച്ച് പുറംലോകമറിയാന്‍ ചൈനീസ് എഴുത്തുകാരി ഫാങ് ഫാങ് ഒരു ഓണ്‍ലൈന്‍ ഡയറി ആരംഭിച്ചിരുന്നു. 

അവരുടെ കുറിപ്പുകള്‍ക്ക് ദശലക്ഷക്കണക്കിന് വായനക്കാരെയാണ് ലഭിച്ചത്. വിദേശരാജ്യങ്ങളില്‍ വിവിധ ഭാഷകളിലേക്കാണ് ഇപ്പോള്‍ അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ കടുത്ത ഭീഷണിയാണ് ഫാങ് നേരിടുന്നത്. ചൈന കൊവിഡിനെ കൈകാര്യം ചെയ്തത് മോശമായ രീതിയിലാണെന്ന് മറ്റ് രാജ്യക്കാരെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണ് 64കാരിയായ ഫാങ് നടത്തുന്നതെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍. 2010 ല്‍ ചൈനയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ലിറ്റററി പ്രൈസ് നല്‍കി രാജ്യം ഇവരെ ആധരിച്ചിരുന്നു.

ജനുവരി 23 മുതലാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യം മുഴുവന്‍ വൈറസ് ബാധിക്കാതിരിക്കാന്‍ അധികൃതര്‍ കടുത്ത നടപടികളാണ് സ്വീകരിച്ചത്. ഒരു കുറിപ്പില്‍ നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഈസ്റ്റ് ലേക്കിനെക്കുറിച്ച് അവര്‍ പരാമര്‍ശിക്കുന്നുണ്ട്. നഗരത്തിന്റെ ഭയവും ദേഷ്യവും പ്രതീക്ഷയുമാണ് അവര്‍ ഡയറിയില്‍ കുറിച്ചിരുന്നത്. 

പ്രദേശവാസികള്‍ പരസ്പരം സഹായിക്കുന്നതിനെക്കുറിച്ചും തന്റെ മുറിയില്‍ സൂര്യപ്രകാശം നിറയുമ്‌പോള്‍ ലഭിക്കുന്ന സന്തോഷത്തെക്കുറി്ച്ചുമൊക്കെ അവര്‍ എഴുതി. പക്ഷേ മറ്റൊന്നുകൂടി ഫാങ് 'വുഹാന്‍ ഡയറി'യില്‍ എഴുതി! രോഗികളെക്കൊണ്ട് നിങ്ങി നിറഞ്ഞ ആശുപത്രികളും സുരക്ഷാ മാര്‍ഗങ്ങളായ മാസ്‌കുകളുടെ അപര്യാപ്തതയും ബന്ധുക്കളുടെ മരണവുമായിരുന്നു അത്. 

'' സുഹൃത്തായ ഡോക്ടര്‍ എന്നോട് പറഞ്ഞു, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരുമെന്ന് ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് അറിയാം. ഇത് ഞങ്ങള്‍ ഉന്നതെ അറിയിച്ചു. പക്ഷേ അവര്‍ ഇതുവരെയും ഒരാളെപ്പോലും ഇത് അറിയിച്ചിട്ടില്ല. മുന്നറിയിപ്പ് നല്‍കിയിട്ടില്ല.'' ഒരു കുറിപ്പില്‍ ഫാങ് എഴുതി. ചൈനയും അമേരിക്കയും തമ്മില്‍ വൈറസ് സംബന്ധമായി ആരംഭിച്ച പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ മാത്രമാണ് ഈ കുറിപ്പുകള്‍ പ്രയോചനം എന്നാണ് ഫാങിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. 

''ചൈനയെ ലക്ഷ്യം വയ്ക്കാനുള്ള ആയുധമാണ് നിങ്ങള്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.'' ചൈനയിലെ വൈയ്‌ബോ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരാള്‍ പ്രതികരിച്ചു. ''വൈറസ് ബാധിച്ചവരെ വിറ്റ് കാശാക്കുകയാണ് നിങ്ങള്‍. എത്ര രൂപയ്ക്കാണ് ഈ ഡയറി വിറ്റത് ?'' - മറ്റൊരാള്‍ ചോദിക്കുന്നു.  തീവ്രദേശീയവാദികളെ സൈബര്‍ ആക്രമണത്തിന്റെ ഇരയാണ് താന്നെനാണ് ഇതിനോടെല്ലാം ഫാങ് പ്രതികരിച്ചത്. ചൈനീസ് മാധ്യമമായ സൈക്‌സിനില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ താന്‍ വധഭീഷണി നേരിടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

വുഹാന്‍ ഡയറി എന്ന പേരില്‍ പുസ്തകം ജൂണില്‍ പുറത്തിറങ്ങുമെന്ന് അമേരിക്കന്‍ പബ്ലിഷറായ ഹാര്‍പര്‍ കോളിംഗ്‌സ് ആണ് അറിയിച്ചത്. ഇതോടെയാണ് സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ ചര്‍ച്ചയാക്കിയത്. ''അവര്‍ ആത്മാര്‍ത്ഥമായി എന്റെ പുസ്തകം വായിച്ചിരുന്നെങ്കില്‍ അവര്‍ക്ക് മനസ്സിലാകുമായിരുന്നു ചൈന എത്ര കൃത്യമായാണ് രോഗബാധയെ നേരിട്ടതെന്ന്''  - ഫാങ് പറഞ്ഞു.