റിയോ ഡി ജനീറോ: കൊവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ ഒരേ മനസ്സോടെ മുമ്പോട്ടു പോകുകയാണ് ലോകം. വൈറസ് ബാധയിൽ കൂടുതൽ പേരിലേക്ക് വ്യാപിക്കുമ്പോൾ, ഉറ്റവരെ ഉപേക്ഷിച്ച് സ്വന്തം ആരോ​ഗ്യം പോലും നോക്കാതെ മറ്റുള്ളവർക്കായി സേവനമനുഷ്ഠിക്കുന്ന ആരോ​ഗ്യപ്രവർത്തകർക്ക് ആദരമൊരുക്കുകയാണ് ലോകാത്ഭുതങ്ങളിലൊന്നും.
 
ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമറിലാണ് കൊവിഡ് പ്രവർത്തനങ്ങളിൽ മുന്നിൽ തന്നെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ചുകൊണ്ട് ഡോക്ടറുടെ വേഷം ആലേഖനം ചെയ്തത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട് . സ്റ്റെതസ്കോപ്പും വെള്ള കോട്ടും അണിഞ്ഞ് നിൽക്കുന്ന പ്രതിമയെ വീഡിയോയിൽ കാണാം. പിന്നാലെ വിവിധ ഡോക്ടർമാരുടെ ചിത്രങ്ങളും തെളിഞ്ഞുവരുന്നുണ്ട്. 

വീട്ടിൽ തന്നെ ഇരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന വിവിധ ആരോഗ്യ പ്രവർത്തകരുടെ ഫോട്ടോകളും പ്രതിമയിൽ കാണിച്ചിരിക്കുന്നു. നേരത്തെ കൊവിഡില്‍ നിന്ന് മുക്തി നേടുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് പ്രതിമയിൽ വിവിധ രാജ്യങ്ങളുടെ പതാകകള്‍ ആലേഖനം ചെയ്തിരുന്നു. കൊവിഡ് 19 പിടിമുറുക്കിയ രാജ്യങ്ങളുടെ പതാകകളാണ് പ്രതിമയിൽ പുതപ്പിച്ചിരുന്നത്.

അതേസമയം, കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇവേടേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ 90 വര്‍ഷത്തിനിടെ ആദ്യമായാണ് ഇവിടെ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തുന്നത്.