പൊതു ഇടങ്ങളില്‍ മദ്യപിക്കുന്നതിന് വിലക്കുണ്ടെങ്കിലും നേരത്തെ മദ്യം വില്‍ക്കാനും ഇറക്കുമതി ചെയ്യാനും ഇറാഖില്‍ അനുമതി ഉണ്ടായിരുന്നു. പുതിയ നിയമം അനുസരിച്ച് ഇറക്കുമതിയും നിര്‍മ്മാണവും വില്‍പനയും ഇറാഖില്‍ അനുവദനീയമല്ല

ബാഗ്ദാദ്: ഇറാഖില്‍ പ്രഖ്യാപിച്ച മദ്യ നിരോധനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍. മദ്യത്തിന്‍റെ വില്‍പനയും ഇറക്കുമതിയും നിരോധിച്ച തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. പൊതു ഇടങ്ങളില്‍ മദ്യപിക്കുന്നതിന് വിലക്കുണ്ടെങ്കിലും നേരത്തെ മദ്യം വില്‍ക്കാനും ഇറക്കുമതി ചെയ്യാനും ഇറാഖില്‍ അനുമതി ഉണ്ടായിരുന്നു. പുതിയ നിയമം അനുസരിച്ച് ഇറക്കുമതിയും നിര്‍മ്മാണവും വില്‍പനയും ഇറാഖില്‍ അനുവദനീയമല്ല.

ബീവറേജ് ഷോപ്പുകള്‍ നടത്തിയിരുന്ന വിഭാഗങ്ങളുടെ ശക്തമായ എതിര്‍പ്പുകളും പ്രതിഷേധവും കണക്കിലെടുക്കാതെ ശനിയാഴ്ച മുതലാണ് നിയമം നടപ്പിലാക്കി തുടങ്ങിയത്. നിയമം ജനാധിപത്യപരമല്ലെന്നാണ് വ്യാപകമായ ആരോപണം. 2016ല്‍ നിയമം പാര്‍ലമെന്‍റില്‍ പാസായിരുന്നെങ്കിലും ഫെബ്രുവരിയില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നിയമം പ്രാബല്യത്തിലായത്. ആല്‍ക്കഹോളിന്‍റെ സാന്നിധ്യമുള്ള എല്ലാ വസ്തുക്കളുടേയും രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളഅ‍ തടയാന്‍ കസ്റ്റംസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് ഭരണകൂടം.

ഇതിന് പിന്നാലെയാണ് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ നടത്തുന്നത്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 7700 ഡോളര്‍ മുതല്‍ 19000 ഡോളര്‍ വരെ പിഴയാണ് ശിക്ഷ ലഭിക്കുക. ഇറാഖിലെ മുസ്ലിം ഇതര വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് പ്രതിഷേധം ശക്തമാവുന്നത്. നേരത്തെ പാര്‍ലമെന്‍റിലെ അഞ്ച് അംഗങ്ങള്‍ നിയമത്തിനെതിരെ ഫെഡറല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ മാസം സര്‍ക്കാര്‍ നടത്തിയ തീരുമാനത്തെ ഖണ്ഡിക്കുന്നതാണ് നിലവിലെ പ്രഖ്യാപനമെന്നും പരാതിക്കാര്‍ കോടതിയില്‍ വിശദമാക്കി. സര്‍ക്കാരിന്‍റെ തീരുമാനം കരിഞ്ചന്തക്കാരെ മാത്രം സഹായിക്കുന്നതാണെന്നാണ് വ്യാപകമാവുന്ന വിമര്‍ശനം. കരിഞ്ചന്തയില്‍ മദ്യം ലഭ്യമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.