Asianet News MalayalamAsianet News Malayalam

37 കാരി ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന വാദം പരിശോധനയില്‍ പൊളിഞ്ഞു

ഗൌടേങ് പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യാതെ വരികയും ഏത് ആശുപത്രിയിലാണ് കുട്ടികള്‍ ഉണ്ടായതെന്ന കാര്യം വിശദമാക്കുകയും ചെയ്യാതെ വന്നതോടെയാണ് സംഭവത്തില്‍ അന്വേഷണം നടന്നത്. 

claim that South African woman Gosiame Sithole gave birth to 10 babies earlier this month is not true
Author
Gauteng Province, First Published Jun 24, 2021, 10:10 AM IST

ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന 37കാരിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കക്കാരിയായ 37കാരിയുടെ അവകാശവാദത്തെ തുടര്‍ന്ന നടന്ന അന്വേഷണത്തിലാണ് യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്ന സ്ഥിരീകരണം എത്തിയത്. ഗിന്നസ് റെക്കോര്‍ഡ് ആണെന്ന അവകാശവാദത്തോടെയായിരുന്നു ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ ആദ്യം വാര്‍ത്ത നല്‍കിയത്. എന്നാല്‍ യുവതി താമസിക്കുന്ന ഗൌടേങ് പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യാതെ വരികയും ഏത് ആശുപത്രിയിലാണ് കുട്ടികള്‍ ഉണ്ടായതെന്ന കാര്യം വിശദമാക്കുകയും ചെയ്യാതെ വന്നതോടെയാണ് സംഭവത്തില്‍ അന്വേഷണം നടന്നത്.

യുവതിയെ പരിശോധിച്ചതില്‍ നിന്ന് ഗോസിയാമേ താമര സിത്തോളെ ഗര്‍ഭിണിയേ ആയിരുന്നില്ലെന്നാണ് കണ്ടെത്തിയെന്നാണ് ബിബിസി റിപ്പോര്‍ട്ട്.  ഇതോടെ കൌണ്‍സിലിംഗ് അടക്കമുള്ള ചികിത്സാ സഹായം യുവതിക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു വാദം ഉയര്‍ത്താനുണ്ടായ സാഹചര്യമെന്താണെന്ന് ഇനിയും വ്യക്തമല്ല. ഇന്‍ഡിപെന്‍ഡന്‍റ് ഓണ്‍ലൈന്‍ എന്ന പ്രാദേശിക മാധ്യമമാണ് വിവരം ആദ്യം പുറത്ത് വിട്ടത്. എന്നാല്‍ യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്ന വാദം ഇവര്‍ തള്ളി. ആശുപത്രിയുടെ ചികിത്സാ പിഴവ് മറയ്ക്കാനുള്ള ശ്രമമാണ് പുതിയ വാദമെന്നാണ് ഇന്‍ഡിപെന്‍ഡന്‍റ് ഓണ്‍ലൈന്‍ അവകാശപ്പെടുന്നത്.

സ്റ്റീവ് ബിക്കോ അക്കാദമിക് ആശുപത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ഗൌടേങ് പ്രവിശ്യ അധികൃതരുടെ ശ്രമമാണ് ഈ പരിശോധനാ ഫലമെന്നാണ് ഇന്‍ഡിപെന്‍ഡന്‍റ് ഓണ്‍ലൈന്‍ വാദിക്കുന്നത്. ആറുവയസു പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അമ്മയെ ജൊഹനാസ്ബെര്‍ഗിന് സമീപമുള്ള ഒരു പള്ളിയില്‍ വച്ചാണ് ഇന്‍ഡിപെന്‍ഡന്‍റ് ഓണ്‍ലൈന്‍ ലേഖകര്‍ ആദ്യം കണ്ടെത്തിയതെന്നാണ് മാധ്യമം അവകാശപ്പെടുന്നത്. ജൂണ്‍ 8നായിരുന്നു ഒറ്റ പ്രസവത്തില്‍ 10 കുട്ടികളുണ്ടായെന്ന വാര്‍ത്ത പുറത്ത് വന്നത്. പ്രാദേശിക മേയര്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്ത ചര്‍ച്ചയായി. വാര്‍ത്ത വന്നതിന് പിന്നാലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദമ്പതികള്‍ക്ക് ധനസഹായം എത്തിയിരുന്നു. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ഗോസിയാമേ താമര സിത്തോളെക്ക് പിറന്നുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios