Asianet News MalayalamAsianet News Malayalam

'രഞ്ജിത്തിന്‍റെ കുഞ്ഞ് കിടന്ന് കരയുവായിരുന്നു', സഹയാത്രികന്‍റെ നടുക്കുന്ന അനുഭവം

നേപ്പാൾ ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് നാല് കുട്ടികളടക്കം എട്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യമായി, നല്ല റൂം ഹീറ്റർ തരാതെ റിസോർട്ടധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ഇവരുടെ കൂടെ യാത്ര ചെയ്ത രാംകുമാർ പറയുന്നു. 

co traveler of malayalees died at nepal reveals shocking lapses of resort
Author
Nepal, First Published Jan 22, 2020, 4:00 PM IST

കാഠ്മണ്ഡു: നേപ്പാളിൽ ദമാനിലെ റിസോർട്ടിൽ നാല് കുട്ടികളടക്കം എട്ട് പേർ മരിച്ച സംഭവത്തിൽ റിസോർട്ടധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് വെളിവാക്കി സഹയാത്രികന്‍റെ അനുഭവസാക്ഷ്യം. കുഞ്ഞുങ്ങളുമായി എത്തിയ കുടുംബങ്ങളോട് റൂം ഹീറ്ററില്ലെന്നാണ് റിസോർട്ടധികൃതർ ആദ്യം പറഞ്ഞതെന്നും, പിന്നീട് റെസ്റ്റോറന്‍റിൽ വച്ചിരുന്ന ഹീറ്ററെടുത്ത് മുറിയിൽ വച്ച് കൊടുക്കുകയായിരുന്നെന്നും കൂടെ യാത്ര ചെയ്തിരുന്ന ഇവരുടെ സുഹൃത്ത് രാംകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാവിലെ ആറ് മണിയോടെ എഴുന്നേറ്റ താൻ, അച്ഛനെയും അമ്മയെയും കാണാനില്ലെന്ന് പറഞ്ഞ് രഞ്ജിത്തിന്‍റെ കുഞ്ഞ് മാധവ് കിടന്ന് കരയുന്നത് കണ്ടപ്പോഴാണ്, അവരുടെ മുറിയിൽ പോയി നോക്കിയതെന്നും രാംകുമാർ പറയുന്നു.

ആദ്യം മുതിർന്നവരുടെയും പിന്നീട് കുഞ്ഞുങ്ങളുടെയും പോസ്റ്റ്‍മോർട്ടം കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിൽ നടന്നു. ശേഷം എംബാം ചെയ്ത ശേഷം, മൃതദേഹങ്ങൾ ഇന്ത്യൻ എംബസിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെ പുലർച്ചെ മൃതദേഹങ്ങൾ ദില്ലിയിലേക്കും, അവിടെ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമായി കൊണ്ടുപോകുമെന്നുമാണ് അറിയിപ്പ് കിട്ടിയിരിക്കുന്നതെന്നും തിരുവനന്തപുരം സ്വദേശിയായ രാംകുമാർ വ്യക്തമാക്കി.

രാംകുമാർ പറയുന്നതിങ്ങനെ:

ഞങ്ങൾ നാല് കൂട്ടുകാരും കുടുംബങ്ങളും ദില്ലിയിൽ ഒപ്പം എത്തി നേപ്പാൾ സന്ദർശിക്കാമെന്നതായിരുന്നു പ്ലാൻ. ആദ്യ ദിനം കാഠ്മണ്ഡുവിലേക്ക് എത്തി. രണ്ടാം ദിവസം പൊഖ്റയിൽ പോയി. അതിന് ശേഷം മൂന്നാം ദിനം ദാമനിൽ പോയി. അവിടെ എത്തിയ ശേഷം രാത്രി ചെലവഴിക്കാനാണ് എവറസ്റ്റ് പനോരമ റിസോർട്ടിലേക്ക് എത്തിയത്. 

മുറിയിൽ വന്നപ്പോൾ റൂം ഹീറ്റർ വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. ബെഡ് ഹീറ്റർ മാത്രമേയുണ്ടായിരുന്നുള്ളൂ. അതും വർക്ക് ചെയ്യാത്ത സ്ഥിതിയായിരുന്നു. ഞങ്ങൾ നാല് വെവ്വേറെ മുറികളാണ് ബുക്ക് ചെയ്തിരുന്നത്. മൈനസ് ഡിഗ്രി താപനിലയിൽ കുഞ്ഞുങ്ങൾക്ക് കിടക്കാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ റൂം ഹീറ്റർ തരാമോ എന്ന് ചോദിച്ചു. റെസ്റ്റോറന്‍റിൽ ടവർ ഹീറ്ററുണ്ടായിരുന്നു. അവിടെ ഇത്തിരി ചൂടുണ്ടായിരുന്നതുകൊണ്ട്, മുറിയിൽ ഹീറ്ററില്ലെങ്കിൽ റസ്റ്റോറന്‍റിൽ വന്നിരുന്നോളാമെന്ന് പ്രവീൺ പറഞ്ഞു. എന്നാൽ അവർ പറഞ്ഞത് റസ്റ്റോറന്‍റിൽ ഇരിക്കാൻ പറ്റില്ലെന്നാണ്. ടവർ ഹീറ്ററെടുത്ത് രാത്രി 12 മണിയോടെ പ്രവീണിന്‍റെ മുറിയിലെടുത്ത് വച്ച് തരാമെന്ന് റസ്റ്റോറന്‍റുകാർ പറഞ്ഞു. അങ്ങനെ എടുത്ത് വയ്ക്കുകയും ചെയ്തു. ഒരൊറ്റ മുറിയിൽ മാത്രമാണ് ഹീറ്ററുള്ളത് എന്നതുകൊണ്ട്, രഞ്ജിത്തിന്‍റെ ഇളയ മോനെയും കൊണ്ട് രഞ്ജിത്തും ഭാര്യയും ആ മുറിയിലേക്ക് മാറി. മൂത്ത മോൻ ഉറങ്ങിയിരുന്നു. അതുകൊണ്ട് അവനെ ഉറക്കിക്കിടത്തിയാണ് അപ്പുറത്തെ മുറിയിലേക്ക് പോയത്. 

രഞ്ജിത്തും ഭാര്യയും ഇളയ കുഞ്ഞും അങ്ങോട്ട് വന്ന ശേഷമാണ് ഞങ്ങൾ കിടക്കാൻ പോയത്. പിന്നെ രാവിലെ എല്ലാവർക്കും ബെഡ് കോഫി അറേഞ്ച് ചെയ്ത് ഞാൻ രഞ്ജിത്തിന്‍റെ മുറിയിലേക്ക് പോയപ്പോഴാണ് മൂത്ത കുഞ്ഞ് കരയുന്നത് കണ്ടത്. അവനെ എടുത്ത് പ്രവീണിന്‍റെ മുറിയിൽ പോയപ്പോഴാണ് എല്ലാവരും ബോധരഹിതരായി കിടക്കുന്നത് കണ്ടത്. പിന്നെ അവരെ ഹോട്ടലിലറിയിച്ച് ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, എത്തിച്ചപ്പോഴേക്ക് മരണം സ്ഥിരീകരിച്ചിരുന്നു.

നടുക്കുന്ന അനുഭവമാണ് ഇത് രാംകുമാറിന്. സുഹൃത്തുക്കളുമായി ആഘോഷിക്കാനെത്തിയവരെ ഉറക്കത്തിൽ മരണം കൊണ്ടുപോയത് വിശ്വസിക്കാനായിട്ടില്ല ഇനിയും പലർക്കും. 

Follow Us:
Download App:
  • android
  • ios