കൊവിഡ് വൈറസ് എന്ന മഹാമാരിയെ തരണം ചെയ്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പ്രവർത്തനത്തിലാണ് ലോക രാജ്യങ്ങൾ. ഇതിനിടയിൽ കുട്ടികളുടെയും മുതിർന്നവരുടെ പിറന്നാൾ ആഘോഷിക്കാൻ കേക്കുമായെത്തുന്ന പൊലീസുകാരുടെ വീഡിയോകൾ പുറത്തുവന്നിരുന്നു. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

അനിറ്റ റോജാസ് എന്ന 110 കാരിയായ മുത്തശ്ശിയുടെ പിറന്നാളാണ് പൊലീസുകാരും അയൽവാസികളും സുഹൃത്തുക്കളും ചേർന്ന് ആഘോഷമാക്കിയത്.  വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് കൊളമ്പിയയിൽ നിന്നുള്ള ഈ കാഴ്ചയുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ആഘോഷത്തിൽ പങ്കെടുത്ത എല്ലാവരും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരിക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്.

കോഫി ട്രയാംഗിളിലെ പെരേരയിലുള്ള മുത്തശ്ശിയുടെ വീട്ടിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. ലൈവ് പാട്ടും കേക്കും നൃത്തവും സമ്മാനങ്ങളുമൊക്കെയായി എല്ലാവരും റോജാസിന് പിറന്നാൾ ആശംസകൾ നേർന്നു.'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവം നിങ്ങളെ കാത്തുസൂക്ഷിക്കട്ടെ' എന്ന് പറഞ്ഞാണ് മുത്തശ്ശി ഉദ്യോ​ഗസ്ഥരെ തിരികെ അയച്ചത്.

ഈ പ്രായത്തിലും റോജാസ് തന്റെ കാര്യങ്ങൾ സ്വയമേ ചെയ്യുമെന്ന് മരുമകൻ ഒമർ റാമിറെസ് റോജാസ് പറഞ്ഞു. സ്വന്തമായി ഭക്ഷണം കഴിക്കുകയും കുളിക്കുകയും വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുമെന്ന് ഒമർ റാമിറെസ് കൂട്ടിച്ചേർത്തു.