ലണ്ടന്‍: ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിക്ക് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 280 സീറ്റുകളില്‍ 140 സീറ്റുകളാണ് നേടിയത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ മുന്നേറ്റം നടത്തി. ഫലസൂചനയില്‍ നിരാശയെന്നും ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനമൊഴിയുമെന്നും ജെറോമി കോര്‍ബിന്‍ വ്യക്തമാക്കി. 

കൺസർവേറ്റീവ് പാർട്ടിക്ക് 86 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ലേബർ പാർട്ടി ഇരുന്നൂറിൽ താഴെ സീറ്റിൽ ഒതുങ്ങുമെന്നും നേരത്തെ എക്സിറ്റ് പോൾ പ്രവചിച്ചിരുന്നു. 650 അംഗ പാർലമെന്റിൽ കൺസർവേറ്റിവ് പാർട്ടി 368ഉം ലേബർ പാർട്ടി 191ഉം സീറ്റുകൾ നേടുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. സ്കോട്ടിഷ് നാഷണൽ പാർട്ടി 55 ഉം ലിബറൽ ഡെമോക്രാറ്റുകൾ 13 ഉം സീറ്റുകൾ നേടും. കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിൽ ഒരു എക്സിറ്റ്പോൾ ഫലം മാത്രമാണ് തെറ്റിയത്.