മിഷിഗണ്‍: കൊവിഡ് 19 ബാധിച്ച് അമേരിക്കയിലെ ഒരു കോണ്‍വെന്‍റില്‍ ഒരുമാസത്തിനുള്ളില്‍ മരിച്ചത് 12 കന്യാസ്ത്രീകള്‍. ദുഖവെള്ളിയാഴ്ചയാണ് മഠത്തിലെ അന്തേവാസിയായ സിസ്റ്റർ മേരി ലൂസിയ വോവ്സിനിയാക് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവര്‍ക്ക് 99 വയസായിരുന്നു പ്രായം. ജൂണ്‍ ആദ്യവാരം ഒരു അന്തേവാസി കൂടി മരിച്ചതടക്കം 13 കന്യാസ്ത്രീകളാണ് മിഷിഗണിലെ ഫെലീഷ്യൻ സിസ്റ്റേഴ്സ് കോൺവെന്‍റില്‍ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചത്. 

69നും 99 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. ജൂണ്‍ ആദ്യവാരം മരിച്ച സിസ്റ്റര്‍ മേരി ദനാതാ സുചീറ്റ കൊവിഡ് മുക്തി നേടിയിരുന്നു. എന്നാല്‍ രണ്ടാമതും വൈറസ് ബാധയെ അതിജീവിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. 98 വയസായിരുന്നു പ്രായം. പ്രസ്, സ്കൂള്‍ തുടങ്ങിയ സേവന സംരംഭങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകള്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു ഇവിടെ. കോണ്‍വെന്‍റിന്‍റെ ആദ്യ കാലങ്ങളില്‍ 800 അന്തേവാസികള്‍ ഉണ്ടായിരുന്ന ഇവിടെ നിലവില്‍ 50 പേരാണ് താമസിക്കുന്നത്. 

യുഎസിലും കാനഡയിലും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കോണ്‍വെന്റായിരുന്നു ഇത്. മാര്‍ച്ചില്‍ തന്നെ കോണ്‍വെന്‍റില്‍  സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിലക്ക് മഠത്തിലെ കൊവിഡ് വ്യാപനത്തെ കാര്യമായി തടഞ്ഞില്ലെന്നാണ് ആരോഗ്യ വകുപ്പ് പ്രതികരിക്കുന്നത്. ഏപ്രില്‍ 10 മുതല്‍ മെയ് 10 വരെയുള്ള സമയത്ത് 12 കന്യാസ്ത്രീകളാണ് കൊവിഡിന് കീഴടങ്ങിയത്. അന്തേവാസികളില്‍ മുപ്പത് പേരില്‍ കൊവിഡ് സ്ഥിരീകരിച്ചതായും 17 പേര്‍ രോഗ വിമുക്തി നേടിയതായും കോണ്‍വെന്റിന്റെ ചുമതലയുള്ള സൂസന്‍ ഇംഗ്ലീഷ് സിഎന്‍എന്നിനോട് വ്യക്തമാക്കി.