താൻ ജയിലിൽ പോയാലും കൊല്ലപ്പെട്ടാലും സംഘടിക്കണമെന്നും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടണമെന്നും ഇമ്രാൻ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ വീടുനു മുന്നിൽ സംഘർഷം. ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ചെയ്യാൻ എത്തിയ പൊലീസും പാർട്ടി പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ ഉപഹാരങ്ങൾ വൻ വിലയ്ക്ക് മറിച്ചു വിറ്റെന്ന കേസിലാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസ് ലാഹോറിൽ എത്തിയത്. ഇതിന് പിന്നാലെ വീഡിയോ സന്ദേശവുമായി ഇമ്രാൻ ഖാനും രംഗത്തെത്തി. താൻ ജയിലിൽ പോയാലും കൊല്ലപ്പെട്ടാലും സംഘടിക്കണമെന്നും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടണമെന്നും ഇമ്രാൻ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ഇതോടെയാണ് കൂടുതൽ പ്രവർത്തകർ ഇമ്രാന്‍റെ വസതിക്ക് മുന്നിലേക്ക് ഒഴുകിയെത്തിയത്.

കൊല്ലപ്പെട്ടത് 3 യുവതികൾ; വീപ്പ ഉപേക്ഷിച്ച 3 പേരെ സിസിടിവിയിൽ കണ്ടെത്തി; ബംഗളരുവിലെ സീരിയൽ കില്ലർ ഭിതി മാറുമോ?

ഇമ്രാന്‍റെ കേസും സംഘർഷവും

തോഷാഖാന കേസിൽ മുൻപ് പലതവണ നോട്ടീസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാതെ വന്നതോടെയാണ് അറസ്റ്റിനായി ഇസ്ലാമാബാദ് പൊലീസ് ഇമ്രാൻ ഖാന്‍റെ സമാൻപാർക്കിലെ വസതിയിലേക്ക് എത്തിയത്. ഇതോടെ അറസ്റ്റ് തടയാൻ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും ഇമ്രാന്‍റെ വസതിക്ക് സമീപം തടിച്ച് കൂടി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഇമ്രാന്‍റെ വസതിയിലേക്കുള്ള റോഡുകൾ പൊലീസ് അടച്ചു. പാർട്ടി പ്രവർത്തകർ പൊലീസിനു നെരെ കല്ലെറിഞ്ഞതോടെ സംഘർഷാവസ്ഥയായി. പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിലും പ്രയോഗിച്ചു. ഇതോടെ താൽക്കാലികമായി പിൻവാങ്ങിയ തെഹ്രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി. സംഘർഷത്തിനിടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേറ്റു. ഇതിനിടെയാണ് പ്രവർത്തകരോട് സംഘടിക്കാനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടാനും ഇമ്രാൻ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തത്. ഇതോടെ കൂടുതൽ പ്രവ‍ർത്തകർ സംഘടിച്ചെത്തുകയായിരുന്നു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ലാഹോറിൽ ഇന്‍റെർനെറ്റ് വിച്ഛേദിച്ചു. നേരത്തെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഇമ്രാനെതിരായ അറസ്റ്റ് വാറണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

YouTube video player