റോം: കൊവിഡ് 19 ഭീതി പടര്‍ത്തിയ ഇറ്റലിയില്‍ നിന്ന് ഏറെ ദിവസങ്ങള്‍ക്ക് ശേഷം ആശ്വാസ വാര്‍ത്ത. ലോക്ക്ഡൗണ്‍ ഫലം കാണുന്നുവെന്നും രോഗവ്യാപനത്തിന്റെ തോത് കുറയുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലി സിവില്‍ പ്രൊട്ടക്ഷന്‍ സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 4.1 ശതമാനമാണ് ഇപ്പോള്‍ രോഗവ്യാപനത്തിന്റെ നിരക്ക്. രോഗം പടര്‍ന്ന് പിടിച്ചിരുന്ന വടക്കന്‍ ലോംബാര്‍ഡി മേഖലയില്‍ രോഗം വ്യാപിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ആദ്യമായാണ് ഇവിടെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്. രാജ്യത്താകമാനം രോഗം ഭേദമായവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.

കഴിഞ്ഞ 24 മണിക്കൂറില്‍ 1590 പേര്‍ രോഗത്തില്‍ നിന്ന് മോചിതരായെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് തലവന്‍ എയ്ഞ്ചലോ ബൊറേലി പറഞ്ഞു.  രോഗവ്യാപനം തുടങ്ങിയിട്ട് ഒരു ദിവസത്തിനുള്ളില്‍ ഇത്രയും പേര്‍ക്ക് രോഗം ഭേദമാകുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.  ഏഴോ പത്തോ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഡെപ്യൂട്ടി ആരോഗ്യമന്ത്രി പിയര്‍പോലോ സിലേറി പറഞ്ഞു.

അതേസമയം, രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇപ്പോഴും താഴ്ന്നിട്ടില്ല. തിങ്കളാഴ്ച 24 മണിക്കൂറിനുള്ളില്‍ 812 പേര്‍ മരിച്ചു. ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 11, 591 ആയി. മൊത്തം 1,01739 പേര്‍ക്ക് രോഗം ബാധിച്ചു. ഇറ്റലിക്ക് പുറമെ, സ്‌പെയിനിലും മരണ സംഖ്യ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 473 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ഇതോടെ മരണ സംഖ്യ 6461 ആയി ഉയര്‍ന്നു.