ആഫ്രിക്ക: ഏഷ്യയെയും യൂറോപ്പിനെയും അമേരിക്കയെയും ലോക്ക് ഡൗണിലാക്കിയ കൊവിഡ് 19 ആഫ്രിക്കയിൽ പിടിമുറുക്കി തുടങ്ങി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിൽ 46 ലും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. അഭയാർത്ഥി ക്യാമ്പുകളിൽ അടക്കം രോഗം പടരുന്ന സാഹചര്യമുണ്ടായാൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാകുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടറസ് മുന്നറിയിപ്പ് നൽകി.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലാകെ നാലായിരത്തിൽ താഴെ ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു കഴിയുമ്പോൾ തന്നെ 117 പേർക്ക് ജീവൻ നഷ്ടമായി. ഭീകരവാദവും പ്രാദേശിക കലഹങ്ങളും അടിസ്ഥാന സൗകര്യം താറുമാറാക്കിയ നാട്ടിൽ വലിയൊരു ശതമാനം ജനങ്ങൾക്കും ആശുപത്രികളും ചികിത്സാ കേന്ദ്രങ്ങളും എന്തിന് ഒരു ഡോക്ടറുടെ സേവനം തന്നെ അന്യമാണ്. അതിന് പുറമെയാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ലക്ഷങ്ങളെക്കുറിച്ചുള്ള ആശങ്ക. മലേറിയയും അതിസാരവും പോലും മരണത്തിന് കാരണമാകുന്ന ഇവിടെ കൊവിഡ് പടർന്നുപിടിച്ചാൽ സ്ഥിതി അതീവ രൂക്ഷമാകുമെന്ന് പ്രദേശത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവർത്തക‍ർ പറയുന്നു. 

ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിൽ ആക്രമണങ്ങളിൽ പരിക്കേറ്റ് വരുന്നവരെ കൊണ്ട് തന്നെ ആശുപത്രികൾ നിറഞ്ഞിരിക്കുന്നു. രാജ്യത്ത് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് ആശ്വാസം. ആഫ്രിക്കയിൽ ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ബുർക്കിനോഫാസയിൽ ഏഴര ലക്ഷത്തോളം പേരാണ് ആഭ്യന്തര സംഘർഷം മൂലം തെരുവിലുള്ളത്. കെനിയയിലടക്കം രോഗബാധ ഉണ്ടായതോടെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് രോ​ഗം എത്തുന്ന ദിവസം ഭയന്ന് കഴിയുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ അടക്കം പ്രവത്തകർ. രണ്ട് ലക്ഷത്തോളം പേ‍ർ താമസിക്കുന്ന രണ്ട് അഭയാർത്ഥി ക്യാമ്പുകളാണ് രാജ്യത്തുള്ളത്. ആളുകൾ ഒരുമിച്ച് ഒത്തുകൂടുന്നത് ഒഴിവാക്കാൻ ക്യാമ്പുകളിൽ രണ്ട് മാസക്കാലത്തേക്കുള്ള റേഷൻ ഒരുമിച്ച് നൽകുന്നതടക്കം നടപടികൾ തുടങ്ങി കഴിഞ്ഞു. 

ആയിരം കേസുകൾ മറികടന്ന ദക്ഷിണാഫ്രിക്കയിൽ ലോക്ക് ഡൗൺ ഉറപ്പാക്കാൻ സൈന്യത്തെ ഇറക്കിയിക്കുകയാണ്. ലോക രാജ്യങ്ങളുടെ ശ്രദ്ധ അടിയന്തരമായി ആഫ്രിക്കയിലേക്ക് തിരിയണമെന്നാണ് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടുന്നത്. മാസ്ക്കുകളും പരിശോധനാ കിറ്റുകളും വെന്റിലേറ്ററും അടക്കം അവശ്യ സാധനങ്ങൾക്കെല്ലാം ആഫ്രിക്കയിൽ ക്ഷാമമാണ്. അടിയന്തര നടപടി എടുത്തില്ലെങ്കിൽ യുവാക്കളടക്കം ലക്ഷങ്ങൾ ഇവിടെ മരിച്ചുവീഴുമെന്ന് സെക്രട്ടറി ജനറൽ ആന്റോണിയ ഗുട്ടാറസ് പറയുന്നു.