Asianet News MalayalamAsianet News Malayalam

കൊറോണ: ചൈനയില്‍ മരണം 1600 കടന്നു, ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

ചൈനയിൽ രോഗബാധ കൂടുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു. 1700 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചതായും ഇതിൽ ആറ് പേർ മരിച്ചെന്നും ചൈന അറിയിച്ചു. അതേസമയം, കൊറോണ ബാധിച്ച് ഫ്രാന്‍സില്‍ ചൈനീസ് വിനോദ സഞ്ചാരി മരിച്ചു

coronavirus death toll china crosses 1600
Author
Wuhan, First Published Feb 16, 2020, 7:49 AM IST

വുഹാന്‍: കൊറോണ വൈറസ് ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. രോഗ ബാധ രൂക്ഷമായ ഹ്യൂബെ പ്രവശ്യയിൽ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്. 68,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ രോഗബാധ കൂടുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു. 1700 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചതായും ഇതിൽ ആറ് പേർ മരിച്ചെന്നും ചൈന അറിയിച്ചു.

അതേസമയം, കൊറോണ ബാധിച്ച് ഫ്രാന്‍സില്‍ ചൈനീസ് വിനോദ സഞ്ചാരി മരിച്ചു. ഏഷ്യക്ക് പുറത്ത്, കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്നസ് ബസിന്‍ വ്യക്തമാക്കി. ജനുവരി അവസാനം മുതല്‍ പാരിസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, കൊറോണയെ ശക്തമായി എതിരിട്ട് തോല്‍പ്പിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടാമത്തെയാളും രോഗം ഭേദമായി ഇന്ന് ആശുപത്രി വിടും.

കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെയാണ് തുടര്‍ച്ചയായി രണ്ട് പരിശോധന ഫലങ്ങളും നെഗറ്റീവായ സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റുന്നത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു ഈ വിദ്യാര്‍ത്ഥി.

വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഈ കുട്ടി നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ തുടര്‍ പരിശോധനാ ഫലം നെഗറ്റീവാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

എങ്കിലും വീട്ടിലെ നിരീക്ഷണം തുടരുന്നതാണ്. തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. ആലപ്പുഴയില്‍ ചികിത്സയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി ഇതിനോടകം വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios