ബീജിംഗ്: കൊറോണ വൈറസ് ബാധയുടെ (കൊവിഡ്) ഭീതി ആഫ്രിക്കൻ രാജ്യങ്ങളിലേക്കും പടരുന്നു. ഈജിപ്തിൽ ചികിത്സയിലുള്ള ഒരു രോഗിക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യത്ത് കൊറോണവൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതേസമയം, ചൈനയിൽ കൊറോണ ബാധിച്ച് ഇന്നലെ മാത്രം മരിച്ചത് 143 പേരാണ്. ഇതോടെ കോറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1523 ആയി. 

ഈജിപ്ഷ്യൻ പൗരനല്ല, രാജ്യത്തേക്ക് സന്ദർശനത്തിന് എത്തിയ വിദേശിക്കാണ് രോഗബാധയുണ്ടായത് എന്നാണ് ഈജിപ്ഷ്യൻ ഭരണകൂടം വ്യക്തമാക്കുന്നത്. എന്നാൽ രോഗബാധയുണ്ടായ ആൾ ഏത് രാജ്യത്തെ പൗരനാണ് എന്നതടക്കമുള്ള വിവരങ്ങൾ ഈജിപ്ത് പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യസംഘടനയുടെ നിർദേശം അനുസരിച്ച് രോഗിയെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഈജിപ്ത് അറിയിച്ചു. 

ഈ സാഹചര്യത്തിൽ ബീജിംഗിൽ തിരികെയെത്തിയ എല്ലാവരോടും 14 ദിവസം വീട്ടിൽത്തന്നെ അടച്ചിരിക്കാൻ ചൈനീസ് ഭരണകൂടം ഉത്തരവിട്ടു. അതല്ലെങ്കിൽ സർക്കാർ തയ്യാറാക്കിയ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറണം. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ചൈനീസ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. 

ബീജിംഗ് നഗരത്തിൽ മാത്രം രണ്ട് കോടി ജനങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ചൈനയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പുതുവർഷാവധി കഴിഞ്ഞ് തിരികെയെത്തുന്നവരോടാണ് മുന്നറിയിപ്പ്. വുഹാൻ, ഹുബെയ് അടക്കമുള്ള പ്രവിശ്യകളിൽ രോഗം കാട്ടു തീ പോലെ പടരുമ്പോൾ സമാനമായ സ്ഥിതി രാജ്യതലസ്ഥാനത്ത് കൂടി ഉണ്ടാകാതിരിക്കാനാണ് ചൈനയുടെ മുന്നറിയിപ്പ്. പുതുവർഷാവധി രോഗം പടരുന്ന സാഹചര്യത്തിൽ നീട്ടി നൽകിയിട്ടുണ്ട്.

പുതുതായി ഇന്നലെ മാത്രം 2641 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ചൈനയിലൊട്ടാകെ രോഗം ബാധിച്ചവരുടെ എണ്ണം 66,492 ആയി. ചൈനയ്ക്ക് പുറത്ത് ഹോങ്‍കോങിലും ഫിലിപ്പീൻസിലും ജപ്പാനിലും കൊറോണ ബാധിച്ച് ഓരോ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. 24 രാജ്യങ്ങളിലായി 500 പേർക്കാണ് ചൈനയ്ക്ക് പുറത്ത് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ് - 19 എന്നാണ് ഇപ്പോൾ നോവൽ കൊറോണവൈറസ് ന്യുമോണിയ കൊണ്ടുള്ള രോഗബാധയ്ക്ക് ലോകാരോഗ്യസംഘടന നൽകിയിരിക്കുന്ന പേര്. ഈ ആഴ്ച തന്നെ, ഈ വൈറസ് എങ്ങനെയാണ് പടരുന്നതെന്നും, അതെങ്ങനെ തടയാമെന്നുമുള്ള അന്വേഷണം ലോകാരോഗ്യസംഘടനയുടെ സന്നദ്ധപ്രവർത്തകർ ചൈനയിൽ നേരിട്ടെത്തി നടത്തും. ലോകമെമ്പാടും നിന്നുള്ള ആരോഗ്യവിദഗ്ധരും ചൈനയിൽ നിന്നുള്ള ഡോക്ടർമാരും അടങ്ങുന്നതാണ് സംഘം. 24 പേരടങ്ങുന്ന സംഘം, എങ്ങനെയാണ് എല്ലാ മുൻകരുതലും എടുത്തിട്ടും 1700 ഓളം ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും രോഗം പടർന്നതെന്നും പരിശോധിക്കും.