ലഷ്കർ ഇ തൊയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി പാകിസ്ഥാൻ സൈന്യവുമായുള്ള നേരിട്ടുള്ള ബന്ധം വെളിപ്പെടുത്തി. സൈനിക പരിപാടികളിൽ താൻ സ്ഥിരം അതിഥിയാണെന്നും കൊല്ലപ്പെടുന്ന സൈനികരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാറുണ്ടെന്നും ഇയാൾ പറഞ്ഞു.
ഇസ്ലാമാബാദ്/ന്യൂഡൽഹി: പാകിസ്ഥാൻ സൈന്യവും ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വെളിപ്പെടുത്തി സംഘടനയുടെ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി. പാകിസ്ഥാനിലെ ഒരു സ്കൂളിൽ കുട്ടികളെ അഭിസംബോധന ചെയ്യവെയാണ് സൈനിക പരിപാടികളിൽ താൻ സ്ഥിരം അതിഥിയാണെന്ന നിർണ്ണായക വെളിപ്പെടുത്തൽ ഇയാൾ നടത്തിയത്. പാകിസ്ഥാൻ സൈന്യം നടത്തുന്ന പരിപാടികളിലേക്ക് തനിക്ക് ഔദ്യോഗികമായി ക്ഷണം ലഭിക്കാറുണ്ടെന്നും കൊല്ലപ്പെടുന്ന പാക് സൈനികരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ സൈന്യം തന്നെ വിളിക്കാറുണ്ടെന്നും കസൂരി വെളിപ്പെടുത്തി. ഭീകരവാദത്തിനെതിരെ പോരാടുന്നു എന്ന പാകിസ്ഥാന്‍റെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവന.
2025 ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ക്രൂരമായ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനാണ് സൈഫുള്ള കസൂരി. ഈ ആക്രമണത്തിന് ശേഷമാണ് തന്‍റെ പേര് ലോകപ്രശസ്തമായതെന്ന് ഇയാൾ പ്രസംഗത്തിൽ അവകാശപ്പെട്ടു. പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' തങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു.
എന്നാൽ ഭീകരക്യാമ്പുകൾ മാത്രം തകർത്തത് ഇന്ത്യക്ക് പറ്റിയ തെറ്റാണെന്നും കശ്മീർ ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇന്ത്യക്കെതിരെയും പ്രകോപനപരമായ പരാമർശങ്ങൾ കസൂരി നടത്തി. തന്‍റെ സാന്നിധ്യം ഇന്ത്യയെ ഭയപ്പെടുത്തുന്നുണ്ട്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ 'ഫീൽഡ് മാർഷൽ' എന്ന് വിശേഷിപ്പിച്ച ഇയാൾ ഇന്ത്യയെ പാഠം പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
തെളിവുകൾ പുറത്ത്
സൈഫുള്ള കസൂരി പാക് സൈനിക ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. ഭീകരവാദികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന ഇന്ത്യയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് പുതിയ വീഡിയോ ദൃശ്യങ്ങൾ. 2025 മെയ് ഏഴിനാണ് ഇന്ത്യ ഈ സൈനിക നടപടി ആരംഭിച്ചത്. ഒൻപതോളം ഭീകരതാവളങ്ങൾ ഇന്ത്യ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.


