ബീജിംഗ്: ചൈനയിൽ കൊറോണ ബാധിച്ചുള്ള മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 638 പേരാണ് കൊറോണ ബാധിച്ച് മരിച്ചതെന്ന് ചൈനീസ് ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 70 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 3100 പുതിയ കേസുകളും ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു. ചൈനയിൽ പടരുന്നത് 'നോവൽ കൊറോണ' എന്ന വൈറസാണെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയ ഡോക്ടർ ലി വെൻലിയാങും ഇന്നലെ മരണത്തിന് കീഴടങ്ങിയവരിൽ പെടുന്നു.

പെട്ടെന്ന് തന്നെ രോഗബാധ കണ്ടെത്താനുള്ള ശ്രമമാണ് ഇനി നടത്തുകയെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയ അധികൃതർ വ്യക്തമാക്കുന്നു. വുഹാനിൽ രോഗം ബാധിച്ച എല്ലാവരെയും വൻ ക്വാറന്‍റൈൻ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്.

ഇന്നലെ മാത്രം മൂവായിരത്തോളം രോഗബാധ റിപ്പോർട്ട് ചെയ്തതോടെ രോഗം ബാധിക്കപ്പെവരുടെ എണ്ണം 31,161 ആയി. ഇന്നലെ മരിച്ച 70 പേരിൽ 69 പേരും ചൈനയിലെ ഹുബെയ് പ്രവിശ്യയിലാണെന്നത് മേഖലയിലെ രോഗബാധ തടയുന്നതിൽ ചൈനീസ് അധികൃതർക്ക് വീഴ്ച പറ്റിയെന്നത് വെളിവാക്കുന്നതാണ്. ഇതുവരെ ഏറ്റവും കൂടുതൽ മരണസംഖ്യയും ഹുബെയ് പ്രവിശ്യയിലാണ്. 

സമീപരാജ്യമായ ഫിലീപ്പീൻസിലും, ചൈനയുടെ കീഴിലുള്ള ഹോങ് കോങിലും ചൈനയുടെ എല്ലാ പ്രവിശ്യകളിലും മരണങ്ങൾ റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് 200 കേസുകളാണ്.

ചൈനയിലെ തന്നെ നിരവധി ആരോഗ്യവിദഗ്‍ധർ സർക്കാർ പുറത്തുവിടുന്ന കണക്കുകളിൽത്തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ചൈനയിലെ പല ആശുപത്രികളും ലാബറട്ടറികളിലും വൈറസ് ബാധ പരിശോധിക്കാനുള്ള തരത്തിലുള്ള സൗകര്യങ്ങളില്ലെന്ന് പല ഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക കണക്കുകൾ മുപ്പത്തിയൊന്നായിരമെങ്കിലും യഥാർത്ഥ കണക്ക് അതിനേക്കാൾ എത്രയോ മുകളിലായേക്കാം എന്നാണ് സൂചന.

രോഗബാധ തീപോലെ പടരുന്ന ഹുബെയ് പ്രവിശ്യയിലുള്ളവരെ പെട്ടെന്ന് തന്നെ ക്വാറന്‍റൈൻ ക്യാമ്പുകളിലേക്ക് മാറ്റാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു. അപ്പോഴും, ആശുപത്രികളിലെത്തുന്ന പലർക്കും ചികിത്സ കിട്ടുന്നില്ലെന്നും, ടെസ്റ്റ് കിറ്റുകളില്ലെന്നും കിടക്കകളില്ലെന്നും പറഞ്ഞ് ആശുപത്രികൾ രോഗികളെ തിരിച്ചയക്കുകയാണെന്നുമുള്ള തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നു.

പൊലീസ് നിശ്ശബ്ദനാക്കിയ ആ ഡോക്ടർക്കും വിട!

ഡിസംബർ 30-ന് ഡോക്ടർ ലി വെൻലിയാങ് ആ സത്യം ചൈനയോട് വിളിച്ച് പറഞ്ഞു. കാട്ടുതീ പോലെ രാജ്യത്ത് പടർന്നുപിടിക്കുന്ന ആ പനി, അപകടകാരിയാണ്. നോവൽ കൊറോണവൈറസ് ന്യുമോണിയ എന്ന അസുഖമാണത്. ഉടനടി നിയന്ത്രിച്ചില്ലെങ്കിൽ രോഗബാധ നിയന്ത്രിക്കാൻ കഴിയാതെ വരുമെന്നും ലി വെൻലിയാങ് മുന്നറിയിപ്പ് നൽകി. 

രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട വുഹാനിലായിരുന്നു ലി വെൻലിയാങ് ജോലി ചെയ്തിരുന്നത്. 

എന്നാൽ ഉടൻ തന്നെ ചൈനീസ് പൊലീസ് ഇതിലിടപെട്ടു. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ആളുകളെ ഭയപ്പെടുത്തരുതെന്ന് ലി വെൻലിയാങിനെ പൊലീസ് താക്കീത് ചെയ്തു. അങ്ങനെ നിശ്ശബ്ദനാക്കി.

പക്ഷേ പിന്നീട് ലോകം അത് തിരിച്ചറിഞ്ഞു. കൊറോണവൈറസ് തന്നെയായിരുന്നു ചൈനയിൽ ജീവനെടുത്തുകൊണ്ടിരിക്കുന്ന ആ ഭീതിദമായ അസുഖം.

തന്‍റെ കണ്ടെത്തൽ ശരിയെന്ന് ലോകം തിരിച്ചറിഞ്ഞപ്പോഴും ലി വെൻലിയാങ് നിസ്വാർത്ഥമായി ജോലി ചെയ്യുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ചവർക്കിടയിൽ ചികിത്സയുമായി.

ഒടുവിൽ വെൻലിയാങിനും രോഗം സ്ഥിരീകരിക്കപ്പെട്ടു. ഒടുവിൽ ചൈനീസ് സമയം ഇന്ന് പുലർച്ചെ ലി വെൻലിയാങിന്‍റെ മരണം വുഹാൻ സിറ്റി സെൻട്രൽ ആശുപത്രി സ്ഥിരീകരിച്ചു.

വെൻലിയാങ് അന്തരിച്ചുവെന്ന് ഇന്നലെ തന്നെ ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് സർക്കാർ അത് നിഷേധിച്ചിരുന്നു. ലിയാങ് ഗുരുതരാവസ്ഥയിലാണെങ്കിലും ചികിത്സ തുടരുകയാണെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. ഒടുവിൽ ഇന്ന് പുലർച്ചെ ചൈനീസ് സമയം 3.48-നാണ് ലിയാങിന്‍റെ മരണം സർക്കാർ സ്ഥിരീകരിച്ചത്.