ന്യൂയോർക്ക്: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 55,87,129 ആയി. മൂന്ന് ലക്ഷത്തിനാൽപ്പത്തി ഏഴായിരത്തിൽ അധികം പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള അമേരിക്കയിൽ രോഗികളുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. മരണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 

ബ്രിട്ടന് പ്രതീക്ഷയേകി തുടർച്ചയായി രണ്ടാം ദിവസവും മരണ സംഖ്യയിൽ ഗണ്യമായ കുറവാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ലോക്ക് ഡൗൺ നിയന്ത്രങ്ങള്‍ക്ക് സർക്കാർ കൂടുതൽ ഇളവ് വരുത്തി. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ ബ്രസീലിൽ പതിനൊന്നായിരത്തി ഇരുന്നൂറ്റി എൻപത് പേർക്കും റഷ്യയിൽ എണ്ണായിരത്തി തൊള്ളായിരത്തി നാൽപ്പത്തിയാറ് പേർക്കും രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ പുതിയ രോഗികളില്ലാത്തത് ആശ്വാസം പകരുന്നു. 

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രസീലിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്ക നിരോധനം ഏ‌ർപ്പെടുത്തി. അതേസമയം, വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ചൈനയുടെ ശാസ്ത്രീയ പരിശോധനകളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു.